
ക്യൂബ്സ് എന്റര്ടെയ്ന്മെന്റ് നിര്‍മിക്കുന്ന ‘കാട്ടാളന് ’സിനിമയില്‍ ഉണ്ണി മുകുന്ദന് അഭിനയിക്കുന്നില്ലെന്ന് വ്യക്തമാക്കി നടന്റെ സിനിമ നിര്‍മാണക്കമ്പനിയായ ഉണ്ണി മുകുന്ദന് ഫിലിംസ്. ‘കാട്ടാളന്’ സിനിമയുമായോ മറ്റേതെങ്കിലും യൂണിവേഴ്സുമായോ നടന് യാതൊരു ബന്ധവുമില്ലെന്നും ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും ഉണ്ണി മുകുന്ദന് ഫിലിംസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
യു.എം.എഫ് പങ്കുവെച്ച വാര്‍ത്തക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം
സത്യസന്ധമായ കഥ പറച്ചിലും ഫിലിം മേക്കിങും ഓരോ ചുവടുവെപ്പിലും ആഘോഷിക്കുകയെന്നതിലാണ് യുഎംഎഫ് വിശ്വസിക്കുന്നത്. തങ്ങളുടെ രണ്ടാമത്തെ സിനിമയൊരുക്കുന്ന ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റിന് ഞങ്ങളുടെ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു. അവരുടെ ആദ്യത്തെ ചിത്രമായ മാര്‍ക്കോയുടെ ഭാഗമാകാനുള്ള പ്രിവിലേജ് ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. അതില്‍ ഞങ്ങള്‍ നിര്‍മാണ പങ്കാളികളുമായിരുന്നു. ഞങ്ങള്‍ അഭിമാനത്തോടെയാണ് ആ യാത്രയെ കാണുന്നതും. വരും ദിവസങ്ങള്‍ ഒരുപാട് നാഴികക്കല്ലുകള്‍ പിന്നിടാന്‍ സാധിക്കട്ടെയെന്ന് ആ ചിത്രത്തിന്റെ അണിയറ ടീമിന് എല്ലാ വിധ ആശംസകളും നേരുന്നു.
ഉണ്ണി മുകുന്ദനെ സ്നേഹിക്കുന്ന എല്ലാവരോടുമായി, നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഞങ്ങള്‍ എന്നും കടപ്പെട്ടിരിക്കും. അതേസമയം, ഉണ്ണി മുകുന്ദന് ഈ പ്രൊജക്ടിന്റെയോ, മറ്റെതെങ്കിലും യൂണിവേഴ്സിന്റെയോ ഭാഗമല്ലെന്ന് വ്യക്തമാക്കുകയാണ്. ഈ ചിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കുന്നത് തുടരുന്നതില്‍ നിന്നും പിന്മാറണമെന്ന് ആരാധകരോടും പൊതുജനങ്ങളോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്.
ആളുകളെ രസിപ്പിക്കുകയും, പ്രചോദിപ്പിക്കുകയും ഒത്തൊരുമിപ്പിക്കുകയും ചെയ്യുന്ന കഥകള്‍ പറയുകയെന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. നിങ്ങളുടെ സ്നേഹത്തിനും പ്രോത്സാഹനത്തിനും നന്ദി. അത് ഞങ്ങള്‍ക്ക് എറെ വിലപ്പെട്ടതാണ്.






