
ഹിന്ദി ടെലിവിഷന്‍ ലോകത്ത് ഏറെ പ്രശസ്തി നേടിയ അഭിനേത്രിയാണ് ദിവ്യങ്ക ത്രിപാഠി. ‘യെ ഹേ മൊഹത്തേന്’ എന്ന സീരിയലിലെ ‘ഇഷിത’ എന്ന കഥാപാത്രം ദിവ്യങ്കയ്ക്ക് ഒരുപാട് പ്രേക്ഷകരെ നേടിക്കൊടുത്തു. ആ സീരിയല്‍ തന്നെയാണ് ദിവ്യങ്കയെയും അഭിനേതാവായ വിവേക് ദഹിയെയും പ്രണയത്തിലെത്തിച്ചത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ ഇവര്‍ രണ്ടാളും തങ്ങളുടെ ആദ്യത്തെ കണ്മണിയെ കാത്തിരിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും നിറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവര്‍ കുഞ്ഞ് ജനിക്കുന്നത്.
ഇപ്പോഴിതാ എല്ലാ കാത്തിരുപ്പുകള്‍ക്കും അവസാനം തങ്ങളുടെ ഇരട്ടക്കുഞ്ഞുങ്ങളെ വരവേറ്റ സന്തോഷം പങ്കിടുകയാണ് താരദമ്പതിമാര്‍. രണ്ട് ആണ്‍കുഞ്ഞുങ്ങളാണ് ദിവ്യങ്കയ്ക്ക് ജനിച്ചത്. കാത്തിരിപ്പ് ഒടുവിൽ അവസാനിച്ചെന്നും ജീവിതം നമ്മൾ സങ്കൽപ്പിച്ചതിലും മനോഹരമായി തോന്നുന്നുവെന്നുമാണ് ദിവ്യങ്കയും വിവേകും തങ്ങളുടെ സന്തോഷം ആരാധകരുമായി പങ്കിട്ട് സംയുക്തമായി കുറിച്ചത്.
‘‘ഞങ്ങൾ സന്തോഷം ചോദിച്ചു. ദൈവം പറഞ്ഞു, ‘ഇരട്ടി എടുക്കൂ’ എന്ന്. ഇരട്ട ആൺകുട്ടികളാൽ അനുഗ്രഹീതൻ... കാത്തിരിപ്പ് ഒടുവിൽ അവസാനിച്ചു... ‘ആൺകുട്ടികൾ’ എത്തി, ജീവിതം ഞങ്ങള്‍ സങ്കൽപ്പിച്ചതിലും മനോഹരമായി തോന്നുന്നു...
ഞങ്ങളുടെ കരണും അര്‍ജുനും എത്തി...മാതൃത്വത്തിന്റെ ഈ അവിശ്വസനീയമായ പുതിയ അധ്യായം ആരംഭിക്കുമ്പോൾ, ഡിവിയ്ക്കും എനിക്കും നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും ആവശ്യമാണ്...’’ എന്നാണ് ആകാശങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും മുന്നില്‍ രണ്ടു കുഞ്ഞുങ്ങള്‍ പുറം തിരിഞ്ഞിരിക്കുന്ന ചിത്രം പങ്കിട്ട് ദിവ്യങ്കയും വിവേകും കുറിച്ചത്. നിരവധി ആരാധകരും സഹപ്രവര്‍ത്തകരും താരദമ്പതിമാരുടെ വലിയ സന്തോഷത്തിന് സ്നേഹവും ആശംസകളും കമന്റുകളിലൂടെ കുറിക്കുന്നുണ്ട്.
മണിക്കൂറുകൾക്ക് മുമ്പ്, ദമ്പതികൾ മെറ്റേണിറ്റി ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഫോട്ടോ പങ്കുവെച്ചുകൊണ്ട് ദിവ്യങ്ക കുറിച്ചത്, ‘‘പരസ്പരം വീടായതിന് ശേഷം മറ്റൊരാൾക്ക് ഒരു വീടാകാൻ ഒരുങ്ങുന്നു... ഈ യാത്ര എങ്ങനെയായിരിക്കുമെന്ന് ഞങ്ങൾക്ക് ഇതുവരെ അറിയില്ല, പക്ഷേ അത് ഞങ്ങളുടെ ഏറ്റവും മികച്ച ഒന്നായിരിക്കുമെന്ന് ഞങ്ങൾക്കറിയാം...നീ എനിക്കായി സൃഷ്ടിച്ച ലോകത്തില്‍ നിന്ന് നിന്നെ സ്നേഹിക്കാന്‍ കഴിഞ്ഞതില്‍ ഞാൻ ഭാഗ്യവതിയാണ്...’’ എന്നാണ് ദിവ്യങ്ക കുറിച്ചത്.
തങ്ങള്‍ ആദ്യ കുഞ്ഞിനെ വരവേല്ക്കാനൊരുങ്ങുന്നുവെന്ന് കുറച്ചു നാളുകള്‍ക്ക് മുമ്പാണ് രണ്ടാളും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ആറുമാസത്തോളം താരദമ്പതിമാര്‍ ഈ സന്തോഷം രഹസ്യമാക്കി വച്ചിരുന്നു. ജൂൺ പകുതിയോടെ കുഞ്ഞ് ജനിക്കുമെന്നും ഇപ്പോൾ മാത്രമാണ് തങ്ങള്‍ ഒരു കുടുംബം തുടങ്ങാൻ തീരുമാനിച്ചതെന്നുമാണ് ദിവ്യങ്ക അന്ന് പറഞ്ഞത്. യേ ഹേ മൊഹബത്തേൻ എന്ന സീരിയലില്‍ അഭിനയിച്ചതു വഴി തുടങ്ങിയ സൗഹൃദവും പ്രണയവുമാണ് ഇവരുടേത്. പിന്നീട് 2016 ല്‍ രണ്ടാളും കുടുംബങ്ങളുടെ അനുഗ്രഹത്തോടെ വിവാഹിതരായി.






