
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുളള കൂടിക്കാഴ്ചയ്ക്കുശേഷം തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് തന്നെ ഫോണില്‍ വിളിച്ചുവെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. സൗഹൃദം പങ്കുവെക്കുന്നതിനപ്പുറം രാജ്യത്തിന്റെയും ജനങ്ങളുടെയും ഉന്നമനത്തിനായി എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കാം എന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചുവെന്നും സുരേഷ് ഗോപി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. വിജയ്ക്കൊപ്പമുളള ചിത്രം പങ്കുവെച്ചായിരുന്നു നടന്റെ കുറിപ്പ്.
‘ബഹുമാനപ്പെട്ട ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, എന്റെ പ്രിയ സുഹൃത്തും തമിഴകത്തിന്റെ പ്രിയ നായകനുമായ ജോസഫ് വിജയ് എന്നെ ഫോണിൽ വിളിക്കുകയുണ്ടായി.
സൗഹൃദം പങ്കുവെക്കലിനപ്പുറം, രാജ്യത്തിന്റെയും നമ്മുടെ ജനങ്ങളുടെയും ഉന്നമനത്തിനായി എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാം എന്നതിനെക്കുറിച്ചാണ് ഞങ്ങൾ പ്രധാനമായും സംസാരിച്ചത്.
കേരളം - തമിഴ്നാട് സംസ്ഥാനങ്ങളുടെ സമഗ്ര വികസനത്തിനും ഭാരതത്തിന്റെ പുരോഗതിക്കുമായി ഒരേ മനസ്സോടെ, കൈകോർത്ത് മുന്നോട്ട് പോകുമെന്ന് ഞങ്ങൾ ഉറപ്പുനൽകി.
പ്രിയ സഹോദരൻ, തമിഴ്നാട് മുഖ്യമന്ത്രി ശ്രീ വിജയ്ക്കും അദ്ദേഹത്തിന്റെ മുന്നോട്ടുള്ള എല്ലാ ജനസേവന യാത്രകൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ!’ സുരേഷ് ഗോപിയുടെ വാക്കുകള്‍.






