
പോപ്പ് ഗായകനും നടനുമായ നിക്ക് ജോനാസ് പങ്കുവെച്ച മകൾ മാൾട്ടി മേരിയുടെ പുതിയ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. നിക്കിന്റെ വരാനിരിക്കുന്ന സംഗീത പരിപാടിയുടെ ടെക്നിക്കൽ റീഹേഴ്സൽ വേദിയിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
അണിയറയിലെ സംഗീത ഉപകരണങ്ങൾക്കിടയിൽ മാൾട്ടി കുറുമ്പ് കാട്ടുന്നതും സമയം ആസ്വദിക്കുന്നതുമാണ് ചിത്രങ്ങളുടെ പ്രധാന ആകർഷണം. റീഹേഴ്സൽ നടക്കുന്ന വേദിയിൽ കൗതുകത്തോടെ ചുറ്റിക്കറങ്ങുന്നതിനിടയിൽ, അച്ഛൻ നിക്കിന്റെ സാന്നിധ്യത്തിൽ കുഞ്ഞു മാള്‍ട്ടി ഡ്രംസ് വായിക്കാനും ശ്രമിക്കുന്നുണ്ട്. What happens in Vegas എന്ന അടിക്കുറിപ്പോടെയാണ് നിക്ക് ഈ മനോഹര നിമിഷങ്ങൾ ആരാധകർക്കായി പങ്കുവെച്ചത്.
വലിയ ഹെഡ്ഫോണുകൾ ധരിച്ച്, കയ്യിൽ മൈക്കുമായി പാട്ട് ആസ്വദിക്കുന്ന ഭാവത്തിലുള്ള മാൾട്ടിയുടെ മറ്റൊരു ചിത്രവും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. സംഗീതപരിപാടിക്കായുള്ള തിരക്കിട്ട ഒരുക്കങ്ങൾക്കിടയിലും അണിയറയിൽ മകൾക്കായി സമയം മാറ്റിവെക്കുന്ന ഒരു സ്നേഹനിധിയായ അച്ഛനെയാണ് ചിത്രങ്ങളിൽ കാണാനാകുന്നത്.
2018 ലാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും വിവാഹിതരാകുന്നത്. 2017 ലെ മെറ്റ്ഗാല പുരസ്കാരവേദിയില്‍ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. 2022 ജനുവരി 15 നാണ് ഇരുവര്‍ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ മകള്‍ മാള്‍ട്ടി മേരി ജനിക്കുന്നത്.






