
വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ് സംയുക്ത വര്‍മ്മ. കരിയറിന്റെ പീക്ക് ടൈമില്‍ നടന് ബിജു മേനോനെ വിവാഹം ചെയ്ത് ബിഗ്സ്ക്രീനില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടകന്ന് നില്‍ക്കുകയാണ് താരം. അഭിനയത്തില്‍ നിന്ന് വിട്ടകന്നെങ്കിലും തന്റെ മികച്ച യോഗാഭ്യാസത്തിലൂടെയും ആരോഗ്യകരമായ ജീവിതരീതിയിലൂടെയും താരം ആരാധകരുടെ മനസ്സ് കീഴടക്കാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ താരം പങ്കിടുന്ന പോസ്റ്റുകളില്‍ ഏറെയും തന്റെ യോഗപരിശീലനത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി യോഗ പരിശീലിക്കുന്ന താരം, മൈസൂരിൽ നിന്നും പരിശീലനം നേടുകയും അഷ്ടാംഗ യോഗ ടീച്ചേഴ്സ് ട്രെയ്നിങ് സർട്ടിഫിക്കറ്റ് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ഊർധ്വ ധനുരാസനം, ഹനുമാൻ ദണ്ഡ്, വൃശ്ചിക ദണ്ഡ് തുടങ്ങിയ ഏറെ സങ്കീർണ്ണവും കഠിനവുമായ യോഗാസനങ്ങളും പുഷ്-അപ്പുകളും അനായാസേന ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.
ഇപ്പോഴിതാ യോഗാസനത്തിൽ ധ്യാനനിരതയായിരിക്കുന്ന പുതിയ ചിത്രം പങ്കിടുകയാണ് സംയുക്ത വര്‍മ്മ. പത്മാസനത്തിൽ കൈകൾ രണ്ടും കൂപ്പി മുഖത്തിന് മുന്നിലായി അഞ്ജലി മുദ്രയിൽ പിടിച്ചിരിക്കുന്ന ചിത്രമാണിത്. കൈമുട്ടുകൾ മുതൽ താഴോട്ടുള്ള ഭാഗം പരസ്പരം ചേർത്തുവെച്ച്, വിരലുകൾ മുകളിലേക്ക് ചൂണ്ടി നേർരേഖയിലാണ് കൈകൾ വെച്ചിരിക്കുന്ന താരത്തെ ചിത്രത്തില്‍ കാണാം.
‘‘ഭൂമിയെപ്പോലെ വേരൂന്നിയതും, താമരയെപ്പോലെ വിടർന്നതും...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് തന്റെ പുതിയ യോഗ പോസ് സംയുക്ത വര്‍മ്മ പങ്കിട്ടിരിക്കുന്നത്. യോഗാഭ്യാസത്തിൽ രുദ്രാക്ഷം ധരിക്കുന്നത് പോസിറ്റീവ് ഊർജ്ജം നിലനിർത്താനും ഏകാഗ്രത കൂട്ടാനും സഹായിക്കാറുള്ളതു കൊണ്ടാകാം താരം കൈത്തണ്ടകളിൽ രുദ്രാക്ഷ മാലകൾ ധരിച്ചിരിക്കുന്നത്. ധ്യാനത്തിനും പ്രാണായാമത്തിനും ഏറ്റവും അനുയോജ്യമായ ഈ ആസനത്തിലുള്ള താരത്തിന്റെ ഈ ചിത്രത്തിനെ നിരവധി ആരാധകര്‍ ലൈക്ക് ചെയ്തിട്ടുണ്ട്.






