
തൃശൂർ: തൃശൂർ മെഡിക്കൽ കോളജിലെ ഡോക്ടർക്ക് പാമ്പുകടിയേറ്റു. പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടർ ശ്രേയക്കാണ് പാമ്പുകടിയേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.
ഡ്യൂട്ടിക്കായെത്തിയ ഡോക്ടർക്ക് കാർ പാർക്കിംഗിൽ വച്ചാണ് പാമ്പുകടിയേറ്റത്. കാർ പാർക്ക് ചെയ്തു ഇറങ്ങുമ്പോൾ സമീപത്തെ പൊന്തക്കാട്ടിൽ നിന്നാണ് പാമ്പ് കടിച്ചതെന്ന് കരുതുന്നു. കാലിന്റെ പിറക് വശത്താണ് കടിയേറ്റിരിക്കുന്നത്. ഏത് ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചതെന്ന് വ്യക്തമല്ല.
കടിയേറ്റ ഉടൻ തന്നെ സഹപ്രവർത്തകരായ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ഇവരെ അടിയന്തിര ചികിത്സയ്ക്കായി മെഡിക്കൽ കോളജിലെ ഒബ്സർവേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഡോക്ടറുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.






