
തമിഴകത്തിന്റെ പ്രിയതാരം അജിത്തിന്റെ അമ്മയുടെ മോഹിനി മണി 85-ാം വയസ്സിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇക്കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. അജിത് കുമാറിന്റെ ജീവിതം രൂപപ്പെടുത്തുന്നതിൽ മോഹിനി മണി വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. തന്റെ ജീവകാരുണ്യ സംഘടനയായ ‘മോഹിനി മണി ഫൗണ്ടേഷന്’ സ്വന്തം അമ്മയുടെ പേരാണ് അജിത് നൽകിയിരിക്കുന്നത്. അമ്മയുമായി വലിയൊരു ആത്മബന്ധം തന്നെയാണ് അജിത്തിന് ഉണ്ടായിരുന്നത്. സംഭവ സമയം അജിത്ത് ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. ദുബായിലായിരുന്ന അജിത്ത് ഉടന്‍തന്നെ വീട്ടിലേക്ക് തിരിച്ചിരുന്നു.
ഇപ്പോഴിതാ തന്റെ പ്രിയ സുഹൃത്തിന്റെ നൊമ്പരത്തില്‍ പങ്കുചേരാനെത്തിയ തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായിരുന്ന വിജയ് യുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. തന്റെ വീട്ടിലേക്കെത്തുന്ന വിജയ് യെ അജിത് വീടിന് പുറത്ത് കാത്തു നില്ക്കുന്നതും, പരസ്പരം കാണുന്ന സമയത്ത് അജിത് മുഖ്യമന്ത്രിയെ ആലിംഗനം ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. വിജയ് മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് ഇരുവരും കാണുന്നത്. തൃഷയും വിജയ് യ്ക്കൊപ്പമുണ്ടായിരുന്നു. അതീവ ദുഃഖത്തോടെ നില്ക്കുന്ന അജിത്തിനെ തൃഷയും ആശ്വസിപ്പിക്കുന്നുണ്ട്. തിരക്കുകള്‍ മാറ്റിവച്ച് പ്രിയ സുഹൃത്തിനെ ആശ്വസിപ്പിക്കാനെത്തിയ വിജയ് യുടെ വീഡിയോ ആരാധകര്‍ സ്നേഹത്തോടെ ഏറ്റെടുക്കുകയാണ്.
അജിത്തിന്റെ അമ്മ മോഹിനി മണിയുടെ നിര്യാണത്തില്‍ ഇന്നലെ വിജയ് എക്സിലും വൈകാരിക കുറിപ്പ് പങ്കുവച്ചിരുന്നു..‘ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും നെടുംതൂണായിരുന്ന അമ്മയെ നഷ്ടപ്പെട്ട് വേദനിക്കുന്ന സുഹൃത്ത് ശ്രീ അജിത് കുമാറിന്റെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു...’ എന്നായിരുന്നു വിജയ് എക്സില്‍ കുറിച്ചത്.
വിജയ് അഭിനയിക്കുന്ന കാലത്ത് ഇരുവരുടെയും ഫാന്സുകള് തമ്മില്‍ മത്സരിക്കുമ്പോഴും അജിത്തും വിജയ് യും എന്നും നല്ലൊരു സൗഹൃദം സൂക്ഷിച്ചിരുന്നു. ഇരുകുടുംബങ്ങളും തമ്മിലുള്ള അടുപ്പവും ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. അതിപ്പോഴും തുടരുന്നു എന്നത് ഈ വീഡിയോയിലൂടെ വ്യക്തമായും അറിയാന്‍ കഴിയും.






