
കണ്ണൂര്‍: മലയാളി ഫുട്ബോള്‍ പ്രേമികള്‍ക്ക് ലോകകപ്പില്‍ ഇനി ഖത്തര്‍ കൂടി ജയിക്കാന്‍ പ്രാര്‍ത്ഥിക്കാം. ലോകകപ്പ് വേദിയില്‍ ഖത്തര്‍ ദേശീയ ടീമിന്റെ ജഴ്സിയില്‍ മലയാളിതാരം കളത്തിലിറങ്ങുന്ന സാഹചര്യത്തിലാണ് ഈ വിവരം. അമേരിക്കന്‍ ലോകകപ്പില്‍ ഖത്തറിനായി പന്തുതട്ടാന്‍ ഒരു മലയാളി താരം അന്തിമ ഇലവനിലുണ്ട്. കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ തഹ്സീന് മുഹമ്മദാണ് (19) ഈ അപൂര്‍വ നേട്ടം കൈവരിച്ചത്.
ഇതോടെ ഫുട്ബോള്‍ ലോകകപ്പിനുള്ള ഒരു ദേശീയ ടീമിന്റെ സ്ക്വാഡില്‍ ഇടംനേടുന്ന ആദ്യ മലയാളി എന്ന ചരിത്ര റെക്കോര്‍ഡും ഈ പത്തൊന്പതുകാരന് സ്വന്തംപേരിലാക്കി. കണ്ണൂര്‍ സ്വദേശികളായ ജംഷീദിന്റെയും ഷൈമയുടെയും മകനായ തഹ്സീന് ഖത്തറിലാണ് ജനിച്ചതും വളര്‍ന്നതും. നിലവില്‍ ഖത്തര്‍ ലീഗിലെ പ്രമുഖ ക്ലബ്ബായ 'അല്‍ ദുഹൈലി'ന്റെ മിന്നും താരമാണ്. ചെറുപ്പം മുതല്ക്കേ ഖത്തറിന്റെ യൂത്ത് ടീമുകളില്‍ സജീവമായിരുന്ന തഹ്സീന്, രാജ്യാന്തര തലത്തില്‍ ഖത്തറിനായി അണ്ടര്‍-16, അണ്ടര്‍-17, അണ്ടര്‍-19 ടീമുകളിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്.
ആദ്യം പ്രഖ്യാപിച്ച 35 അംഗ സാധ്യതാ പട്ടികയില്‍ നിന്നാണ് തഹ്സീന് ഖത്തര്‍ ടീമില്‍ ഇടംപിടിക്കുന്നത്. പിന്നീട് ഇത് 28 അംഗങ്ങളാക്കി ചുരുക്കിയപ്പോഴും മലയാളി താരം ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ഒടുവില്‍ അയര്‍ലന്‍ഡിനെതിരായ സന്നാഹ മത്സരത്തിന് ശേഷം പ്രഖ്യാപിച്ച 26 അംഗ അന്തിമ സ്ക്വാഡിലും തഹ്സീന് ഇടംപിടിച്ചതോടെയാണ് മലയാളികളുടെ ലോകകപ്പ് ആവേശം വാനോളമുയര്‍ന്നത്.
സീനിയര്‍ കളിക്കാരായ സെബാസ്റ്റ്യന്‍ സോരിയ, താരെക് സല്മാന് എന്നിവര്‍ക്ക് പുറമെ പ്രമുഖ താരങ്ങളായ ബാസം അല്‍റാവി, മുഹമ്മദ് വാദ്, മുബാറക് ഷനാന്‍, നിയാല്‍ മേസന്, ഫഹദ് യൂനസ് എന്നിവരെയും ഒഴിവാക്കിയാണ് ഖത്തര്‍ ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. അനുഭവസമ്പന്നരെ മാറ്റിനിര്‍ത്തി പുതുമുഖങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നതാണ് ഇത്തവണത്തെ ഖത്തര്‍ നിര. ജൂണ്‍ ആറിന് നടക്കാനിരിക്കുന്ന എല്‍ സാല്വദോറിനെതിരെയുള്ള സന്നാഹ മത്സരത്തിലാണ് ഖത്തര്‍ ഇനി അടുത്തതായി കളത്തിലിറങ്ങുന്നത്.






