
നടൻ മാധവന്റെ 56-ാം ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ നേർന്നുകൊണ്ട് സംവിധായകൻ വിഘ്നേഷ് ശിവൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഒരു ആഡംബര ക്രൂയിസ് കപ്പലിൽ വെക്കേഷൻ ആഘോഷിക്കുന്നതിനിടയിലുള്ള മനോഹരമായൊരു ചിത്രം പങ്കിട്ടുകൊണ്ടായിരുന്നു വിഘ്നേഷിന്റെ ആശംസ. മാധവനും ഭാര്യ സരിതയും, നടിമാരായ നയൻതാരയും തൃഷ കൃഷ്ണനും വിഘ്നേഷ് ശിവനും ചിത്രത്തിലുണ്ട്.
"ബുദ്ധിമാനും, സൗമ്യനും, ബഹുമുഖ പ്രതിഭയും, വിജ്ഞാനിയും, സുന്ദരനും, പ്രചോദനമേകുന്നവനും, വിജയശ്രീലാളിതനുമായ ഒരു മാന്യ വ്യക്തിക്ക്... അതിശയകരമായ വിജയങ്ങളും നിറഞ്ഞ സന്തോഷവും മാത്രം വന്നെത്തുന്ന ഒരു വർഷം ആശംസിക്കുന്നു. ജന്മദിനാശംസകൾ മാഡി സാർ, ഒത്തിരി സ്നേഹവും ബഹുമാനവും," വിഘ്നേഷ് ശിവൻ കുറിച്ചു.
നേരത്തെ നയൻതാരയും തൃഷയും ഒന്നിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചില ക്രൂയിസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദുബായിലെ മനോഹരമായ സൂര്യാസ്തമയ പശ്ചാത്തലത്തിൽ ഇരുവരും സൗഹൃദം പങ്കിടുന്ന ചിത്രങ്ങളായിരുന്നു അത്.
വിഘ്നേഷ് ഇപ്പോൾ മാധവന്റെ ജന്മദിനത്തിൽ പങ്കുവെച്ചിരിക്കുന്ന ഈ പുതിയ ചിത്രവും അതേ ദുബായ് യാത്രയിൽ നിന്നുള്ളതാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഏതായാലും താരങ്ങൾ ഒന്നിച്ചുള്ള ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിക്കഴിഞ്ഞു.






