
കോഴിക്കോട്: വീണ്ടും മുഖ്യമന്ത്രി വിഡി സതീശനെ അപകീർത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്. വ്യാജഫോട്ടോ നിർമിച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ട കോഴിക്കോട് ഉള്ള്യേരി സ്വദേശിക്കെതിരെ അത്തോളി പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിലാണ് കേസെടുത്തത്. പ്രധാനമന്ത്രിയുടെ കാലിൽ മുത്തം കൊടുക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രമാണ് കരുണൻ ചാലിൽ എന്നയാൾ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇയാൾക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകുകയായിരുന്നു.
നേരത്തെയും മുഖ്യമന്ത്രിയുടെ അപകീർത്തികരമായ ചിത്രം നിർമ്മിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു. ആറ്റിങ്ങൽ മോഡൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്. ജവാദ് മുഖ്യമന്ത്രിയുടെ മുഖവും നഗ്നനായ മനുഷ്യന്റെ ഉടലും ചേർത്തുവച്ച ചിത്രം എഫ് ബിയിൽ പോസ്റ്റ് ചെയ്തതാണ് വിവാദമായത്. ഇതിനെതിരെ യൂത്ത്കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജവാദിനെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, വിരമിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിയുള്ള സമയത്താണ് നടപടി വന്നത്. ഈ പ്രത്യേക സാഹചര്യം പരിഗണിച്ച് സസ്പെൻഷൻ പിൻവലിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു.






