
കാറിന്റെ ഔദ്യോഗിക ടാങ്ക് കപ്പാസിറ്റിയേക്കാള്‍ കൂടുതല്‍ ഇന്ധനം അടിച്ചതായി കാണിച്ച് ഫോക്സ്വാഗണ് ഉടമ പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ, ഹര്‍ഷ് നഗറിലെ ഒരു പെട്രോള്‍ പമ്പ് കടുത്ത നിയമനടപടികളിലേക്ക് നീങ്ങുകയാണ്. വാഹനത്തിന്റെ പരമാവധി ഇന്ധനക്ഷമത 45 ലിറ്റര്‍ മാത്രമായിരിക്കെ, പമ്പില്‍ നിന്നും 51 ലിറ്ററിലധികം പെട്രോള്‍ അടിച്ചതായാണ് ഉപഭോക്താവിന്റെ പരാതി. ഇത് പരസ്യമായ കൊള്ളയാണെന്നും ഉപഭോക്താക്കളെ വഞ്ചിക്കുന്ന പമ്പ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കാര്‍ ഉടമ രംഗത്തെത്തി.
താന്‍ ഒരു ദിവസം മുന്‍പ് മാത്രം വാങ്ങിയ പുത്തന്‍ കാറുമായാണ് ഉടമയായ ചരണ്‍ സിംഗ് പെട്രോള്‍ പമ്പിലെത്തിയത്. വാഹനത്തിന്റെ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയതനുസരിച്ച് 45 ലിറ്ററാണ് ഇതിന്റെ പരമാവധി ടാങ്ക് കപ്പാസിറ്റി. പമ്പില്‍ എത്തുമ്പോള്‍ കാറില്‍ അല്പം പെട്രോള്‍ ബാക്കിയുണ്ടായിരുന്നുവെന്നും, എന്നാല്‍ റീഫ്യുവലിംഗ് സമയത്ത് പമ്പിലെ മെഷീന് ആദ്യം 40.85 ലിറ്ററും, തൊട്ടുപിന്നാലെ രണ്ടാമത് അടിച്ചപ്പോള്‍ 10.47 ലിറ്ററും രേഖപ്പെടുത്തിയതായും ചരണ്‍ സിംഗ് വീഡിയോയിലൂടെ വ്യക്തമാക്കുന്നു.
45 ലിറ്റര്‍ മാത്രം കൊള്ളുന്ന ടാങ്കില്‍ എങ്ങനെയാണ് 51 ലിറ്ററിലധികം ഇന്ധനം ഉള്‍ക്കൊള്ളുക എന്ന് ചോദ്യം ചെയ്ത സിംഗ്, പെട്രോള്‍ പമ്പ് വലിയ കൃത്രിമത്വം കാണിക്കുകയാണെന്ന് ആരോപിച്ചു. ഒരു പുതിയ വാഹനത്തിന് തന്നെ ഇത്തരമൊരു അനുഭവം ഉണ്ടായെങ്കില്‍, സാധാരണക്കാരായ മറ്റ് നിരവധി ഉപഭോക്താക്കള്‍ ഇത്തരത്തില്‍ ദിവസേന വലിയ രീതിയില്‍ വഞ്ചിക്കപ്പെടുന്നുണ്ടാകാമെന്നും, ഇതിനെതിരെ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ ഇന്ധന വിതരണ മെഷീനുകളുടെ കൃത്യത പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, കമ്പനികള്‍ നല്കുന്ന ഔദ്യോഗിക ടാങ്ക് കപ്പാസിറ്റി എന്നത് കൃത്യമായ അളവല്ലെന്നും, ഫില്ലര്‍ നെക്കിലെ സ്ഥലവും മറ്റ് സാഹചര്യങ്ങളും കാരണം കൂടുതല്‍ ഇന്ധനം ഉള്‍ക്കൊള്ളാന്‍ സാധ്യതയുണ്ടെന്നും മറ്റ് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. സംഭവത്തില്‍ പെട്രോള്‍ പമ്പ് അധികൃതരോ ഫോക്സ്വാഗണ് കമ്പനിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.






