
സുചിത്ര മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആന്റണി പെരുമ്പാവൂര്‍. "ഞങ്ങളുടെ പ്രിയപ്പെട്ട ചേച്ചിക്ക് ഒരായിരം ജന്മദിനാശംസകള്. ഒത്തിരി പ്രാര്‍ഥനകളോടെ..." എന്നാണ് മോഹന്‍ലാലിനും സുചിത്രയ്ക്കുമൊപ്പമുള്ള കുടുംബ ചിത്രം പങ്കുവെച്ചുകൊണ്ട് ആന്റണി കുറിച്ചത്.
തമിഴ് സിനിമാ നിര്‍മാതാവായ കെ. ബാലാജിയുടെ മകളാണ് സുചിത്ര. 1988 ഏപ്രില്‍ 28 നായിരുന്നു മോഹന്‍ലാലിന്റെയും സുചിത്രയുടെയും വിവാഹം. പ്രണവ് മോഹന്‍ലാല്‍, വിസ്മയ മോഹന്‍ലാല്‍ എന്നിങ്ങനെ രണ്ടു മക്കളാണ് ഇരുവര്‍ക്കുമുള്ളത്.
മകള്‍ വിസ്മയ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ജൂഡ് ആന്തണി ജോസഫാണ് ചിത്രത്തിന്റെ സംവിധായകന്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
അതേസമയം മോഹന്‍ലാല്‍ നായകനായ 'ദൃശ്യം 3' തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. വെറും ഏഴുദിവസം കൊണ്ട് ചിത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. 'ഡീയസ് ഈറേ' ആണ് പ്രണവിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.






