
ഫിറ്റ്നസ് വീണ്ടെടുത്ത് ഡാന്‍സ് ചെയ്യാനായതിന്റെ സന്തോഷം പങ്കുവെച്ച് നടി ഗ്രേസ് ആന്റണി. ഡെസ്സേര്‍ട്ട് എന്ന ഇംഗ്ലീഷ് ഗാനത്തിനാണ് താരം കലക്കന്‍ ചുവടുകള്‍ വെച്ചിരിക്കുന്നത്. ഭാരം കൂടിയതിനാലും ആരോഗ്യാവസ്ഥ കൊണ്ടും തനിക്ക് ഒരുപാട് നാള് ഡാന്‍സ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഗ്രേസ് വീഡിയോയ്ക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. വീണ്ടും ഡാന്‍സ് ചെയ്യാനായ നിമിഷത്തെ , തന്നിലേക്ക് തിരികെവന്ന ദിവസം എന്നാണ് താരം വിശേഷിപ്പിച്ചത്.
‘വീണ്ടും ഞാനായി മാറുന്നു. എന്റെ ആരോഗ്യ സംബന്ധമായ അവസ്ഥയും ഭാരം വര്‍ദ്ധിച്ചതും എന്നെ വളരെയധികം ബാധിച്ചിരുന്നു. അതുകൊണ്ട് എനിക്ക് ഒരു ഡാന്‍സ് മൂവ് പോലും നടത്താന്‍ കഴിഞ്ഞില്ല. അത് എന്നെ വൈകാരികമായി വളരെയധികം തളര്‍ത്തി. എന്റെ ആത്മവിശ്വാസവും മെയ് വഴക്കവും വീണ്ടെടുക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അങ്ങനെ ഫിറ്റ്നസ് വീണ്ടെടുക്കാനുളള എന്റെ കഠിനമായ യാത്ര ഞാന്‍ ആരംഭിച്ചു. ഇന്ന് ഞാന്‍ എന്നിലേക്ക് തിരികെ വരുന്ന ഏറ്റവും മനോഹരമായ ദിവസമാണ്. ഈ യാത്ര എളുപ്പമായിരുന്നില്ല, എന്നിട്ടും ഞാന്‍ അത് ചെയ്തു. നിങ്ങളുടെ എല്ലാവരുടെയും മുമ്പാകെ ഞാന്‍ ഇവിടെയുണ്ട്’-ഗ്രേസ് ആന്റണിയുടെ വാക്കുകള്‍.
2016 ല്‍ റിലീസ് ചെയ്ത ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ താരമാണ് ഗ്രേസ് ആന്റണി. കുമ്പളങ്ങി നൈറ്റ്സ്, റോഷാക്ക്, പറന്ത് പോ, അപ്പന് , നുണക്കുഴി തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലും സീരീസുകളിലും ഗ്രേസ് പ്രധാന വേഷങ്ങള്‍ ചെയ്തു. മഹേഷ് നാരായണന്റെ മമ്മൂട്ടി- മോഹന്‍ലാല്‍ ചിത്രം പേട്രിയറ്റിലും ഗ്രേസ് പ്രധാനവേഷം അവതരിപ്പിച്ചിരുന്നു.






