
ന്യൂഡൽഹി: ഡൽഹി മാളവ്യ നഗറിലെ ഹോട്ടൽ തീപിടിത്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹോട്ടൽ ഉടമ ലോകേഷ് ബജാജ് പോലീസിന് മുന്നിൽ കുറ്റം സമ്മതിച്ചു. ഹോട്ടലിന് ഫയർ എൻഒസി ഇല്ലായിരുന്നുവെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ, കെട്ടിടത്തിലെ നിയമവിരുദ്ധമായ മാറ്റങ്ങളുടെയും ഹോട്ടൽ നടത്തിപ്പിന്റെയും ഉത്തരവാദിത്തം മറ്റൊരാളുടെ തലയിൽ കെട്ടിവെക്കാനാണ് ഇയാൾ ശ്രമിക്കുന്നത്.
തനിക്ക് ഹോട്ടലിന്റെ കാര്യങ്ങൾ നേരിട്ട് നോക്കാൻ സമയമില്ലായിരുന്നെന്നും ദിവസേനയുള്ള പ്രവർത്തനങ്ങളും അക്കൗണ്ട്സും കൈകാര്യം ചെയ്തിരുന്നത് മറ്റൊരു മാനേജരാണെന്നുമാണ് ബജാജിന്റെ വാദം. ഹോട്ടലിലെ മുറികളുടെ എണ്ണം കൂട്ടിയതും മറ്റ് ഘടനപരമായ മാറ്റങ്ങൾ വരുത്തിയതും മാനേജരുടെ നിർദ്ദേശപ്രകാരമാണെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇത്തരം അനധികൃത നിർമ്മാണങ്ങൾ ഡൽഹിയിൽ പതിവാണെന്നും, "ഡൽഹിയിൽ എല്ലാം നടക്കും" എന്ന് പറഞ്ഞ് അയാൾ തന്നെ വിശ്വസിപ്പിക്കുകയായിരുന്നു എന്നുമാണ് ലവ്കേഷ് ബജാജിന്റെ മൊഴി.
എന്നാൽ, ഈ വാദങ്ങൾ പോലീസ് പൂർണ്ണമായി വിശ്വസിച്ചിട്ടില്ല. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യലിനും ഒപ്പമുണ്ടായിരുന്നവരുടെ പങ്ക് കണ്ടെത്താനുമായി പോലീസ് ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെടും. പ്രതിക്കും ഭാര്യയ്ക്കുമെതിരെ പോലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ദുരന്തത്തിൽ മരിച്ച 21 പേരിൽ 12 പേർ ഇന്ത്യൻ പൗരന്മാരും 9 പേർ വിദേശികളുമാണ്. അപകടത്തിൽ പരിക്കേറ്റ ആകെ 49 പേരെയാണ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഇതിൽ ചികിത്സയിലിരിക്കെയാണ് 21 പേർ മരണത്തിന് കീഴടങ്ങിയത്. നിലവിൽ ആശുപത്രിയിൽ കഴിയുന്നവരിൽ 10 വിദേശികളടക്കം 19 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇവർ വെന്റിലേറ്ററിലാണ്. പരിക്കേറ്റ 8 പേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.
താഴത്തെ നിലയിലെ ഗോവണിയുടെ അരികിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളിൽ നിന്നാണ് തീ പടർന്നതെന്നാണ് ഫയർഫോഴ്സിന്റെ കണ്ടെത്തൽ. ജനലുകൾ പൂർണ്ണമായി സീൽ ചെയ്തതും കെട്ടിടത്തിനുള്ളിൽ ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിച്ചതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. സംഭവത്തിൽ വിശദമായ ഫോറൻസിക് പരിശോധനകൾ പുരോഗമിക്കുകയാണ്.
സർക്കാരിന്റെ 'ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ്' പദ്ധതി പ്രകാരം വെറും ആറ് മുറികൾ മാത്രം പ്രവർത്തിപ്പിക്കാനാണ് ഈ ഹോട്ടലിന് അനുമതിയുണ്ടായിരുന്നത്. എന്നാൽ എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തി 25 ഓളം മുറികൾ കെട്ടിടത്തിനുള്ളിൽ നിർമ്മിച്ച് ഇവർ അനധികൃതമായി ലോഡ്ജ് നടത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഇതിന് സമീപത്തുള്ള 'ഗ്രീൻ റെസിഡൻസി' എന്ന മറ്റൊരു ഹോട്ടലും സമാനമായ രീതിയിൽ 6 മുറികൾക്ക് പകരം 28 മുറികൾ പ്രവർത്തിപ്പിക്കുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.






