
ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയുടെ മുപ്പത്തിയൊന്മ്പതാം ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഭര്‍ത്താവ് സഹീര്‍ ഇഖ്ബാലിനും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പം യുകെയിലാണ് നടി ഇത്തവണത്തെ ജന്മദിനം ആഘോഷിച്ചത്. യാത്രയില്‍ നിന്നുളള മനോഹരമായ നിമിഷങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലെ നിരന്തരമായ അപ്ഡേറ്റുകളില് നിന്നെല്ലാം മാറി, യഥാര്‍ഥ ജീവിതത്തില്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം താന്‍ ഈ ജന്മദിനം ഏറെ ആസ്വദിച്ചുവെന്നാണ് ചിത്രങ്ങള്‍ക്കൊപ്പം സൊനാക്ഷി കുറിച്ചത്. തനിക്ക് ആശംസകള്‍ നേര്‍ന്ന എല്ലാവര്ക്കും താരം നന്ദിയും അറിയിച്ചു.
"എന്റെ ജന്മദിനത്തില് നിങ്ങള്‍ നല്കിയ എല്ലാ സ്നേഹത്തിനും എല്ലാവര്ക്കും വലിയ നന്ദി. സോഷ്യല്‍ മീഡിയയില്‍ നിന്നെല്ലാം മാറി ഈ സമയം ഞാന്‍ ശരിക്കും ആസ്വദിക്കുകയായിരുന്നു, ഇത് ഏറ്റവും മികച്ചതായിരുന്നു" - സൊനാക്ഷി കുറിച്ചു.
തെളിഞ്ഞ നീലാകാശത്തിന് കീഴില്‍ പ്രശസ്തമായ ബ്രൈറ്റണ് പാലസ് പിയറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങളും, കടല്‍ത്തീരത്ത് വെച്ച് ഇരുവരും ഒന്നിച്ചുള്ള മനോഹര നിമിഷങ്ങളും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഒരുമിച്ചിരുന്ന് ഫോണിലേക്ക് നോക്കുന്ന ഇവരുടെ ചിത്രമാണ് കൂട്ടത്തില്‍ സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്നത്.
ഒലിവ് ജാക്കറ്റും ബ്ലാക്ക് ഔട്ട്ഫിറ്റും ധരിച്ച് കാഷ്വല്‍ ലുക്കായിരുന്നു സൊനാക്ഷി തെരഞ്ഞെടുത്തത്. ഡാര്‍ക്ക് ബ്ലേസറും വൈറ്റ് ട്രൗസറുമായിരുന്നു സഹീറിന്റെ വേഷം. ഇരുവരും തമ്മിലുള്ള ലളിതവും മനോഹരവുമായ കെമിസ്ട്രി വീണ്ടും ആരാധകരുടെ മനസ്സ് കവര്‍ന്നു. സ്പാര്‍ക്ലര്‍ മെഴുകുതിരികള്‍ക്കൊപ്പം എത്തിയ കേക്ക് മുറിക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2024 ജൂണ്‍ 23-നായിരുന്നു സോനാക്ഷിയുടെയും സഹീറിന്റെയും വിവാഹം. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന ലളിതമായ രജിസ്റ്റര്‍ വിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷം ഇരുവരും തങ്ങളുടെ ജീവിതത്തിലെ മനോഹര നിമിഷങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.






