
റാം ചരണ്‍, ജാന്‍വി കപൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ‘പെദ്ദി’ ജൂണ്‍ നാലിനാണ് തിയറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നായകനാശയത്തിയ റാം ചരണിന്റെ പ്രകടനത്തെ പ്രശംസിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. എന്നാല്‍ ജാന്‍വി കപൂറിന് ട്രോളുകളും പരിഹാസവുമാണ് ലഭിക്കുന്നത്.
അച്ചിയമ്മ എന്ന കഥാപാത്രത്തെയാണ് ജാന്‍വി സവതരിപ്പിച്ചത്. കഥാപാത്രത്തെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും നായകന് നടത്തുന്ന അതിക്രമത്തെ പ്രണയമായി ന്യായീകരിക്കുന്നുവെന്നും തുടങ്ങിയ ആരോപണങ്ങളുമായാണ് അറിയറപ്രവര്ത്തകര്ക്കെതിരെ പ്രേക്ഷകര്‍ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം ചിത്രത്തിലെ സ്ത്രീവിരുദ്ധ ചൂണ്ടിക്കാട്ടിയുളള വിമര്‍ശനങ്ങളെ നടി ജാന്‍വി കപൂര്‍ പിന്തുണച്ചതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. റെക്കമെന്‍ഡേഷന്‍ കമ്മ്യൂണിറ്റി എന്ന ഇന്‍സ്റ്റഗ്രാം പേജാണ് സിനിമയിലെ നായിക കഥാപാത്രത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. 350 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച ഈ ചിത്രം, ഇന്ത്യൻ സിനിമയിലെ ഒരു നായികയ്ക്ക് ലഭിക്കുന്ന "ഏറ്റവും വിലയേറിയ അപമാനമാണെന്ന്" ഈ പോസ്റ്റിൽ ആരോപിക്കുന്നു.
നായകനായ റാം ചരണിന്റെ കഥാപാത്രത്തിന് കൃത്യമായ സാമൂഹിക- രാഷ്ട്രീയ ലക്ഷ്യങ്ങൾ നൽകുമ്പോൾ, നായികയെ കേവലം ഒരു ഉപഭോഗവസ്തുവായി മാത്രമാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ജാൻവി കപൂറിന്റെ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കാനാണ് സംവിധായകൻ കൂടുതൽ ശ്രദ്ധ നൽകിയത്.
മനുഷ്യന്റെ സ്വത്വത്തെ നിഷേധിക്കുന്നതിനെ ഒരു വ്യവസ്ഥാപിത തിന്മയായി സിനിമ വിമർശിക്കുമ്പോഴും, നായികയായ അച്ചിയമ്മയ്ക്ക് യാതൊരുവിധ മാനുഷിക പരിഗണനയും സിനിമ നൽകുന്നില്ല എന്ന വൈരുദ്ധ്യവും ചോദ്യം ചെയ്യപ്പെടുന്നു.
നായികയുടെ സമ്മതമില്ലാതെ സ്പർശിക്കുമെന്ന് പറയുന്നതും വൈദ്യുതി പോകുന്ന സമയത്ത് ബലമായി ചുംബിക്കുന്നതുമായ അതിക്രമരംഗങ്ങൾ സംവിധായകൻ 'പ്രണയമായാണ്' ചിത്രീകരിച്ചിരിക്കുന്നത്. അതിക്രമത്തിന് ശേഷം നായിക കരയുമ്പോൾ, അവളുടെ പിതാവിന്റെ രാഷ്ട്രീയ ഭാവി ഓർത്ത് ഈ സംഭവം മറന്നേക്കാൻ മറ്റൊരു പുരുഷ കഥാപാത്രം ആവശ്യപ്പെടുന്നതുമെല്ലാം കടുത്ത വിമർശനത്തിനിടയാക്കിയിട്ടുണ്ട്.
പോസ്റ്റ്- പ്രൊഡക്ഷൻ സമയത്ത് ജാൻവി കപൂർ ഇത്തരം രംഗങ്ങളെ ചോദ്യം ചെയ്തിരുന്നുവെങ്കിലും, നടിയുടെ തീരുമാനങ്ങൾക്കും എതിർപ്പുകൾക്കും യാതൊരു വിലയും കൽപ്പിക്കാതെ, ബോക്സ് ഓഫീസ് ലാഭം മാത്രം ലക്ഷ്യം വെച്ച് സംവിധായകൻ ഈ രംഗങ്ങൾ സിനിമയിൽ നിലനിർത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഈ പോസ്റ്റിന് താഴെയാണ് ജാൻവി ലൈക്ക് ചെയ്തിരിക്കുന്നത്. ജാൻവി ലൈക്ക് ചെയ്തതോടെ നടിയുടെ നിലപാടിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.






