
മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന്റെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത മകന് സ്വന്തം അമ്മയെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് വ്യാപകമായി പ്രചരിച്ചത്. ഫോണിന് വേണ്ടിയുള്ള കുട്ടികളുടെ അമിതമായ വാശിയും ഡിജിറ്റല്‍ അടിമത്തവും എത്രത്തോളം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുന്നു എന്നതിന്റെ തെളിവായി ഈ വീഡിയോ മാറിയിരിക്കുകയാണ്.
വീഡിയോയില്‍, ഫോണ്‍ ആവശ്യപ്പെട്ട് കുട്ടി അമ്മയുമായി തര്‍ക്കിക്കുന്നതും അത് നല്‍കാത്തതിനെ തുടര്‍ന്ന് കട്ടിലിലിരുന്ന ക്രിക്കറ്റ് ബാറ്റ് എടുത്ത് അമ്മയുടെ പുറത്ത് ശക്തമായി അടിക്കുന്നതും കാണാം. മകന് വീണ്ടും അടിക്കാന്‍ മുതിരുമ്പോള്‍ വേദനകൊണ്ട് പുളയുന്ന അമ്മ സ്വയം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ട്. തുടര്‍ന്ന് അമ്മയുടെ കൈയില്‍ നിന്നും ഫോണ്‍ പിടിച്ചുവാങ്ങിയ കുട്ടി അവിടെ നിന്നും നടന്നുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.
ഈ ക്രൂരമായ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. കുട്ടിയുടെ പ്രവൃത്തിയെ ശക്തമായി അപലപിക്കുന്ന ഉപയോക്താക്കള്‍, ഇത്തരം പെരുമാറ്റങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും മാതാപിതാക്കള്‍ കുട്ടികളെ വളര്‍ത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്. കുട്ടികളിലെ ഫോണ്‍ അമിത ഉപയോഗം ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പോടെയാണ് പലരും ഈ വീഡിയോ പങ്കുവെക്കുന്നത്.






