
മനുഷ്യര്‍ക്കായി സാധാരണയായി നടത്തുന്ന വളകാപ്പ് അഥവാ ബേബി ഷവര്‍ ചടങ്ങുകള്‍ ഒരു പൂച്ചയ്ക്കായി ഒരുക്കി ശ്രദ്ധേയരാവുകയാണ് പുതുച്ചേരിയിലെ ഒരു കുടുംബം. ഒന്നരവയസ്സുകാരിയായ തങ്ങളുടെ പെണ്‍പൂച്ച ഗര്‍ഭിണിയായതോടെയാണ് കുടുംബം ഈ വേറിട്ട ആഘോഷത്തിന് മുതിര്‍ന്നത്. വീട്ടുകാര്‍ക്ക് മാത്രമല്ല, അയല്‍ക്കാര്‍ക്കും പ്രിയപ്പെട്ടവളായ പൂച്ചയുടെ ഈ വിശേഷം വലിയ കൗതുകത്തോടെയാണ് നാട്ടുകാരും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തത്.
യഥാര്‍ത്ഥ വളകാപ്പ് ചടങ്ങുകളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ വലിയ തട്ടുകളിലായി പൂച്ചയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവങ്ങളാണ് കുടുംബം ഒരുക്കിയത്. വറുത്ത മീന്‍, കൊഞ്ച്, ചിക്കന്‍, മുട്ട എന്നിവയ്ക്ക് പുറമെ തൈരുസാദവും പാല്‍ച്ചോറും വരെ ഈ പ്രത്യേക വിരുന്നില്‍ ഉള്‍പ്പെടുത്തിയിരുന്നു. നാട്ടിലെ സ്ത്രീകളെല്ലാം ഒത്തുചേര്‍ന്നാണ് ചടങ്ങുകള്‍ ഭംഗിയായി നടത്തിയത്.
ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് നല്കുന്നതുപോലെ തന്നെ പൂച്ചയുടെ നെറ്റിയിലും തലയിലും ചന്ദനവും കുങ്കുമവും ചാര്‍ത്തി, പൂക്കള്‍ ചൂടിച്ചായിരുന്നു ചടങ്ങുകള്‍. തുടര്‍ന്ന് താലത്തില്‍ ദീപം തെളിയിച്ച് അവര്‍ അതിനെ ആരതി ഉഴിയുകയും ചെയ്തു. തുടക്കത്തില്‍ ഇതൊക്കെ കണ്ട് പരിഭ്രമിച്ചെങ്കിലും, തനിക്ക് മുന്നില്‍ നിരത്തിയ സ്വാദിഷ്ടമായ ഭക്ഷണങ്ങള്‍ കണ്ടതോടെ പൂച്ച തികച്ചും സന്തുഷ്ടയായെന്ന് വീട്ടുകാര്‍ പറയുന്നു.






