
ഇടുക്കി : കുമളിയിൽ ഒന്നര കിലോ കഞ്ചാവുമായി 3 യുവാക്കൾ പിടിയിലായി.'ഓപ്പറേഷൻ തുഫാൻ'ൻറെ ഭാഗമായി കുമളി പോലീസ് നടത്തിയ പരിശോധനയിൽ ഇവര് പിടിയിലായത് . ഇടുക്കി എഞ്ചിനീയറിങ് കോളേജിലെ ഹോസ്റ്റലിന് സമീപത്ത് കഞ്ചാവ് ചെടികളും കണ്ടെത്തി.
അമരാവതി മുകളേൽ വീട്ടിൽ എബിൻ എം.ജെ , കൊല്ലംപട്ടട കുന്നത്ത് മലയിൽ വീട്ടിൽ സന്തോഷ് , അമരാവതി കുഴിക്കണ്ടം കാർത്തിക വീട്ടിൽ അർജുൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചെറിയ പൊതികളിലാക്കി കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ കൊല്ലംപട്ടട ഭാഗത്തുനിന്നാണ് ഇവർ പിടിയിലായത്. ചോദ്യം ചെയ്യലിൽ പെരുമ്പാവൂരിൽ നിന്ന് വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവ് എബിന്റെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് പ്രതികൾ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഒന്നര കിലോ കഞ്ചാവ് കണ്ടെടുത്തത്.
അതേസമയം ഇടുക്കി എഞ്ചിനീയറിങ് കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിന് പുറകിലാണ് എട്ട് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ഇടുക്കി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. നിലവിൽ ആരെയും പ്രതികളാക്കിയിട്ടില്ല. വരും ദിവസങ്ങളിൽ ക്യാമ്പസുകളിലെ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു . ഓപ്പറേഷൻ തുഫാന്റെ ഭാഗമായി ഇതിനകം അഞ്ച് കേസുകളാണ് കുമളി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.






