
അന്തരിച്ച സിനിമാ താരം സലിം കുമാറിനെ അനുസ്മരിച്ച് നടന് സുരാജ് വെഞ്ഞാറമ്മൂട്. 'മായാവി' എന്ന ചിത്രത്തില്‍ തുടങ്ങി ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകളും പങ്കിട്ട സ്റ്റേജുകളും ഓര്‍ത്തെടുത്തുകൊണ്ടാണ് സുരാജിന്റെ വൈകാരികമായ പ്രതികരണം.
അത്രമേല്‍ പ്രിയപ്പെട്ട സലീമേട്ടനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ തന്നെയാണ് തന്റെ ഇന്നത്തെ ദിവസമെന്നും, അന്ന് സമ്മാനിച്ച ചിരികളെല്ലാം ഇന്ന് നോവായി മാറുന്നുവെന്നുമാണ് സുരാജ് തന്റെ കുറിപ്പിലൂടെ പങ്കുവെക്കുന്നത്.
‘മായാവി മുതൽ ഒന്നിച്ചു അഭിനയിച്ച സിനിമകളിലും നമ്മൾ ഒരുമിച്ച സ്റ്റേജ് കളിലും ഇന്നത്തെ എന്റെ ദിവസം കുരുങ്ങി കിടക്കുന്നു സലീമേട്ടാ....
എത്രയെത്ര പൊട്ടിച്ചിരികൾ ആണ് ഇന്ന് എന്നെ കുത്തിനോവിക്കുന്നത്...വിട’എന്നായിരുന്നു സുരാജിന്റെ വാക്കുകള്‍.
മലയാള സിനിമയില്‍ വലിയൊരു ചിരിവസന്തം സമ്മാനിച്ച കോമ്പോയായിരുന്നു സലിം കുമാറും സുരാജ് വെഞ്ഞാറമൂടും. സ്ക്രീനിലും സ്റ്റേജിലും ഇരുവരും ഒന്നിച്ച് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നിമിഷങ്ങള്‍ മലയാളിക്ക് ഒരുകാലത്തും മറക്കാനാവില്ല.
ഇന്നലെ രാത്രി 10.43ഓടെ അമൃത ആശുപത്രിയില്‍വെച്ചായിരുന്നു സലിം കുമാറിന്റെ അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.






