
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും മാധ്യമപ്രവർത്തകർക്ക് നേരെ തിരിഞ്ഞിരിക്കുന്നു. പ്രമുഖ മാധ്യമ ശൃംഖലയായ എൻബിസിയുടെ 'മീറ്റ് ദി പ്രസ്' എന്ന പരിപാടിയിൽ വച്ച് പ്രശസ്ത ആങ്കർ ക്രിസ്റ്റൻ വെൽക്കറോട് ട്രംപ് തട്ടിക്കയറി. അതുമാത്രമല്ല, മൈക്ക് ഊരിയെറിഞ്ഞ് അഭിമുഖം പാതിവഴിയിൽ ഉപേക്ഷിച്ച് ഇറങ്ങിപ്പോവുകയും ചെയ്തു.
കാലിഫോർണിയയിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് ഒടുവിൽ നാടകീയ രംഗങ്ങളിലും മൈക്രോഫോൺ നിലത്തടിയ്ക്കുന്നതിലും കലാശിച്ചത്. അവതാരകയെ 'വക്രബുദ്ധിക്കാരി' എന്നും 'വിഡ്ഢി' എന്നും വിളിച്ച ശേഷമാണ് ട്രംപ് സ്റ്റുഡിയോ വിട്ടത്. കാലിഫോർണിയയിലെ തിരഞ്ഞെടുപ്പിൽ വ്യാപക അട്ടിമറി നടന്നു എന്ന തന്റെ സ്ഥിരം ആരോപണം ട്രംപ് അഭിമുഖത്തിലും ആവർത്തിച്ചിരുന്നു. ഇതിന്മേൽ അവതാരക തെളിവ് ചോദിച്ചതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.
അമേരിക്കയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു എന്നതിന് യാതൊരു തെളിവുമില്ലെന്ന് വെൽക്കർ ആവർത്തിച്ചെങ്കിലും ട്രംപ് തെളിവുകളൊന്നും നൽകാൻ തയ്യാറായില്ല. പകരം, തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷവും വോട്ടെണ്ണുന്നത് ശരിയാണോ എന്ന് അദ്ദേഹം ചോദ്യം ചെയ്യുകയും, തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തിൽ അമേരിക്ക ഒരു "മൂന്നാം ലോക രാജ്യം" പോലെയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. തുടർന്ന് കാലിഫോർണിയയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും, വെൽക്കറും അവരുടെ മാധ്യമ സഹപ്രവർത്തകരും എല്ലാം അഴിമതിക്കാരാണെന്ന് പ്രസിഡന്റ് ആരോപിച്ചു. താൻ അഴിമതിക്കാരിയല്ലെന്ന് പറഞ്ഞ് വെൽക്കർ സംഭാഷണം മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ട്രംപ് വഴങ്ങിയില്ല.
"നിങ്ങൾ ഒന്നുകിൽ അഴിമതിക്കാരിയാണ്, അല്ലെങ്കിൽ വിഡ്ഢിയാണ്. അവരുടെ ഈ ചതിക്കുഴിയിൽ നിങ്ങൾ ചെന്നു വീഴുകയാണ് ചെയ്യുന്നത്. ഈ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെട്ടതാണെന്ന് നിങ്ങൾക്കറിയാം. നിങ്ങളുടെ ചാനലിനും അത് നന്നായി അറിയാം. എബിസി, സിബിഎസ്, സിഎൻഎൻ എന്നിവയും അങ്ങനെ തന്നെ. നിങ്ങൾ ഒരു വശത്തുമാത്രം നിൽക്കുന്ന അഴിമതി ചാനലാണ്. ക്ഷമിക്കണം, നമുക്കിത് ഇവിടെ നിർത്താം, കാരണം എനിക്ക് മടുത്തു. നന്ദി ഡാർലിംഗ്, നല്ലൊരു ദിവസം ആശംസിക്കുന്നു."ഇത്രയും പറഞ്ഞുകൊണ്ട് ട്രംപ് തന്റെ മൈക്രോഫോൺ ഊരി നിലത്തേക്ക് എറിയുകയായിരുന്നു.
മാധ്യമപ്രവർത്തകർക്ക് നേരെ ട്രംപ് കടുത്ത ഭാഷ ഉപയോഗിക്കുന്നത് ഇതാദ്യമല്ല. ദിവസങ്ങൾക്ക് മുൻപ് മറ്റൊരു പത്രസമ്മേളനത്തിൽ സിഎൻഎൻ റിപ്പോർട്ടർ കെയ്റ്റ്ലൻ കോളിൻസിനോടും ട്രംപ് മോശമായി പെരുമാറിയിരുന്നു. സിഎൻഎൻ അഴിമതി നിറഞ്ഞ സ്ഥാപനമാണെന്ന് പറഞ്ഞ അദ്ദേഹം, കെയ്റ്റ്ലനെക്കുറിച്ച് "അവൾ ഒരിക്കലും ചിരിക്കാത്ത ഒരു ചെറുപ്പക്കാരിയായ സുന്ദരിയാണ്. അവളുടെ കണ്ണുകളിൽ എനിക്ക് എപ്പോഴും വിദ്വേഷമാണ് കാണാൻ കഴിയുന്നത്" എന്ന് അധിക്ഷേപിച്ചിരുന്നു. ജനുവരി 6-ലെ ക്യാപിറ്റോൾ കലാപവുമായി ബന്ധപ്പെട്ട ഫണ്ടിംഗിനെക്കുറിച്ച് ചോദ്യം ഉന്നയിച്ച കെയ്റ്റ്ലനോട് "മിണ്ടാതിരിക്കാൻ" ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഭരണം അവസാനിക്കാറാകുമ്പോഴും മാധ്യമങ്ങളോടുള്ള ട്രംപിന്റെ ശത്രുത തുടരുകയാണെന്നാണ് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നത്.
