
പ്രിയ നടന് സലിം കുമാറിന്റെ വിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി സംവിധായകന് ഡിജോ ജോസ് ആന്റണി. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സലിം കുമാറുമായുളള ആത്മബന്ധത്തെക്കുറിച്ച് സംവിധായകന് തുറന്നുപറഞ്ഞത്.
തന്റെ അരങ്ങേറ്റ ചിത്രമായ 'ക്വീന്‍'-ലേക്ക് ഒരു തുടക്കക്കാരനായ തനിക്ക് ആദ്യമായി ഡേറ്റ് നല്കിയ സൂപ്പര്‍സ്റ്റാര്‍ സലിം കുമാറായിരുന്നുവെന്ന് ഡിജോ ഓര്‍ത്തെടുത്തു. തിയേറ്ററുകളില്‍ വലിയ കൈയടി നേടിയ ചിത്രത്തിലെ മാസ്സ് ഡയലോഗുകള്‍ സമ്മാനിച്ച ആ മനുഷ്യനൊപ്പമുള്ള ഷൂട്ടിംഗ് സെറ്റിലെ രാത്രികാല സംഭാഷണങ്ങള്‍ ഇപ്പോഴും മനസ്സില്‍ വ്യക്തമായി നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.
‘എന്റെ ആദ്യത്തെ സിനിമയില്‍ ഒരു തുടക്കക്കാരന് എന്ന നിലയില്‍ എനിക്ക് ഏറ്റവുമധികം പിന്തുണ തന്ന വ്യക്തി. ഒരുപാട് അറിവും നര്‍മ്മവും ഒരേപോലെ ഉള്ളിലുള്ള വ്യക്തിയായിരുന്നു അദ്ദേഹം.
'ക്വീന്‍', 'മലയാളി ഫ്രം ഇന്ത്യ' എന്നീ എന്റെ രണ്ടു സിനിമകളില്‍ അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചപ്പോള്‍ ഒരുപാട് നല്ല നിമിഷങ്ങള്‍ സമ്മാനിച്ചാണ് സലീമേട്ടന് യാത്ര പറയാറുള്ളത്. എന്നാല്‍ ഈ വിടവാങ്ങല്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. നിങ്ങളെ ഞങ്ങള്‍ ഒരുപാട് മിസ്സ് ചെയ്യും സലീമേട്ടാ... ആദരാഞ്ജലികള്‍.' ഡിജോയുടെ വാക്കുകള്‍ .






