
കാട്ടാന ആക്രമണത്തിൽ വനംമന്ത്രിയുടെ സമീപനം നിരുത്തരവാദപരമാണെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമർശനത്തിന് മറുപടിയുമായി വനംമന്ത്രി ഷിബു ബേബി ജോൺ. മുഖ്യമന്ത്രിയും മന്ത്രിയും മാത്രമാണ് മാറിയതെന്നും ഉദ്യോഗസ്ഥരും ആനയും മാറിയിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. മന്ത്രിസഭ മാറിയതറിഞ്ഞ് ആന ഇറങ്ങിയതാണോ എന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു. നിരുത്തരവാദം എന്ന പിണറായിയുടെ പരാമർശത്തിന് തത്കാലം മറുപടി പറയുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഇടുക്കി ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 11കാരനെ സർക്കാർ സംരക്ഷിക്കുമെന്ന് മന്ത്രി അറിയിച്ചു. കുട്ടിക്കായി സഹായ പദ്ധതി തയ്യാറാക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഷിബു ബേബി ജോൺ നിർദേശം നൽകി. ഇത് വനംവകുപ്പിന്റെ മാതൃകാ പദ്ധതിയായി നടപ്പാക്കുമെന്നും വന്യജീവി ആക്രമണങ്ങളിൽ നൽകുന്ന നഷ്ടപരിഹാര തുക വർധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.






