
ഇന്ത്യക്കാരുടെ സിവിക് സെന്സില്ലായ്മയെയും പൊതുസ്ഥലങ്ങളിലെ പെരുമാറ്റദൂഷ്യത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമാവുകയാണ്. ഇന്ത്യന്‍ ട്രാവല്‍ വ്ലോഗിംഗ് ദമ്പതികളായ ശ്രേയയും കൃഷ്ണയും സ്വിറ്റ്സര്‍ലാന്‍ഡിലെ ഒരു ട്രെയിന്‍ യാത്രയ്ക്കിടെ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ ഈ വിഷയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. തങ്ങളുടെ സ്വിറ്റ്സര്‍ലന്‍ഡ് യാത്രയിലെ 'ഏറ്റവും അരോചകമായ അനുഭവം' എന്ന രീതിയിലാണ് ദമ്പതികള്‍ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ എല്ലാവരും വളരെ ശാന്തമായി യാത്ര ചെയ്തിരുന്ന ഒരു ട്രെയിനിലായിരുന്നു സംഭവം. എന്നാല്‍ അവിടെയുണ്ടായിരുന്ന ഒരു ഇന്ത്യന്‍ യാത്രക്കാരന് ഫോണിലൂടെ വളരെ ഉച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങിയത് അന്തരീക്ഷം വല്ലാതെ അസ്വസ്ഥമാക്കി. തൊട്ടടുത്ത കമ്പാര്ട്ടുമെന്റുകളിലുള്ളവര്ക്ക് വരെ ഈ സംസാരം വ്യക്തമായി കേള്‍ക്കാമായിരുന്നുവെന്നും, ഹെഡ്സെറ്റ് പോലും ഇല്ലാതെ ഉറക്കെ വീഡിയോ കാണുന്നതും ഫോണ്‍ ചെയ്യുന്നതും ഇന്ത്യയിലെ യാത്രകളില്‍ പതിവാണെങ്കിലും വിദേശത്ത് ഇത് വലിയ നാണക്കേടുണ്ടാക്കുന്നതായും ദമ്പതികള്‍ പറയുന്നു.
ഇത്തരം വ്യക്തിപരമായ മോശം പെരുമാറ്റങ്ങള്‍ ഒരാളില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും, അത് വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാരെ കുറിച്ച് മൊത്തത്തില്‍ വളരെ മോശമായ ധാരണയുണ്ടാക്കാന്‍ കാരണമാകുന്നുവെന്നും വ്ലോഗര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. ഒച്ചപ്പാടും ബഹളവും ഉണ്ടാക്കുന്നതിലും മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിലും ഇന്ത്യക്കാര്‍ പൊതുവേ കേള്‍ക്കേണ്ടി വരുന്ന പഴിയെ ശരിവെയ്ക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. ഇന്ത്യക്കാരുടെ സിവിക് സെന്സില്ലായ്മയെ വിമര്‍ശിച്ച നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.






