
'ലൈഫ് ഓഫ് പൂജ' എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ സോഷ്യല്‍ മീഡിയയില്‍ ഏറെ സുപരിചിതയായ കണ്ടന്റ് ക്രിയേറ്ററാണ് പൂജാരിണി പ്രധാന്. നാട്ടിന്‍പുറത്തെ ലളിതമായ ജീവിതരീതികളും, യാഥാസ്ഥിതിക ചുറ്റുപാടുകളില്‍ ജീവിക്കുമ്പോള്‍ ചെയ്യേണ്ടി വരുന്ന വിട്ടുവീഴ്ചകളും പങ്കുവെച്ചാണ് പൂജ ആരാധകരെ നേടിയത്. എന്നാല്‍, യഥാര്‍ത്ഥത്തില്‍ അത്രയും കണ്‍സര്‍വേറ്റീവ് ആയ ജീവിതമാണോ പൂജ നയിക്കുന്നത് എന്ന് പലപ്പോഴും നെറ്റിസണ്‍സ് സംശയിച്ചിരുന്നു.
ഇപ്പോഴിതാ, തന്റെ 26-ാമത്തെ വയസ്സില്‍ ജീവിതത്തില്‍ ആദ്യമായി അനുഭവിച്ചറിഞ്ഞ ചില കാര്യങ്ങള്‍ കോര്‍ത്തിണക്കി പൂജ പങ്കുവെച്ച പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ആദ്യമായി എലവേറ്റര്‍, എസ്കലേറ്റര്‍ എന്നിവ ഉപയോഗിച്ചതും വിമാനത്തില്‍ യാത്ര ചെയ്തതുമുള്‍പ്പെടെയുള്ള വേറിട്ട അനുഭവങ്ങളാണ് പൂജ ഈ വീഡിയോയിലൂടെ ആരാധകരുമായി പങ്കുവെക്കുന്നത്.
ലിഫ്റ്റില്‍ തനിയെ കയറിയ അനുഭവത്തിന് 10/10 റേറ്റിംഗ് നല്‍കിക്കൊണ്ടാണ് പൂജയുടെ വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് ആദ്യമായി എസ്കലേറ്ററില്‍ കയറിയപ്പോള്‍ ജീവന് പോകുന്ന പേടിയായിരുന്നുവെന്നും, താഴേക്ക് വീഴുമെന്ന് തോന്നിയ ആ അനുഭവത്തിന് 11/10 മാര്‍ക്കെന്നും പൂജ പറയുന്നു. ആദ്യമായി ഒരു ലക്ഷ്വറി ഹോട്ടലില്‍ താമസിച്ചപ്പോള്‍ അവിടുത്തെ ബാത്ത്റൂം ഉപയോഗിക്കാന്‍ പോലും തനിക്ക് ഭയമായിരുന്നുവെന്നും വ്ലോഗര്‍ തുറന്നുപറയുന്നുണ്ട്.
ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്ന ആദ്യ വിമാനയാത്രയ്ക്ക് 100/10 റേറ്റിംഗാണ് പൂജ നല്‍കിയത്. കൂടാതെ, ആദ്യമായി ബുഫെ പരീക്ഷിച്ചതിന് 5/10 മാര്‍ക്കും, മറ്റുള്ളവരുടെ നോട്ടങ്ങളെ ഭയപ്പെടാതെ തനിക്കിഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിച്ചതിന് 1000/10 മാര്‍ക്കും പൂജ നല്കുന്നു. ഈ പുത്തന്‍ അനുഭവങ്ങളിലും മാറ്റങ്ങളിലും പൂജയെ അഭിനന്ദിച്ചുകൊണ്ട് നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.






