
മലയാള സിനിമയിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിച്ച അഭിനേത്രിയാണ് ലെന. സീരിയലില്‍ നിന്ന് സിനിമയിലേക്കെത്തിയ താരം മികച്ച കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയത്. ‘ദ ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്’ എന്ന പുസ്തകത്തിലൂടെ അഭിനയത്തിന് പുറമെ ആത്മീയതയിലും തന്റേതായ പാത കണ്ടെത്തി. അടുത്തിടെയായി ലെനയുടെ അഭിമുഖങ്ങളും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.
ആദ്യ വിവാഹത്തിനും വിവാഹമോചനത്തിനും ശേഷം പന്ത്രണ്ടു വർഷം സിംഗിളായി ജീവിച്ച, ഇനിയൊരിക്കലും വിവാഹം കഴിക്കില്ലെന്നു തീരുമാനിച്ചിരുന്ന ലെനയുടെ രണ്ടാം വിവാഹവും വലിയ വാർത്തയായി മാറിയിരുന്നു. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ ആയ പ്രശാന്ത് ബാലകൃഷ്ണൻ നായരെയാണ് ലെന തന്റെ ജീവിതപങ്കാളിയാക്കിയത്. ഇക്കഴിഞ്ഞ ദിവസമാണ് ഗഗൻയാൻ ദൗത്യത്തിന്റെ തലവൻ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് രാഷ്ട്രപതി ദ്രൗപതി മുർമു കീർത്തി ചക്ര നല്കി ആദരിച്ചത്.
ഇപ്പോഴിതാ കീര്‍ത്തിചക്ര ലഭിച്ച തന്റെ ജീവിതപങ്കാളിയ്ക്കൊപ്പം അഭിമാനത്തോടെ നില്ക്കുന്ന ചിത്രം പങ്കിടുകയാണ് ലെന. യൂണിഫോം ധരിച്ച് കീര്‍ത്തിചക്ര ആദരം സ്വീകരിച്ച പ്രശാന്തിനൊപ്പമുള്ള ചിത്രമാണ് ലെന പങ്കിട്ടിരിക്കുന്നത്. ലവ് ഇമോജിക്കൊപ്പമാണ് ലെനയുടെ പോസ്റ്റ്. സാരിയുടുത്ത് പ്രശാന്തിനൊപ്പം നിറചിരിയോടെ നില്ക്കുന്ന ലെനയുടെ ചിത്രം ഏറ്റെടുക്കുകയാണ് ആരാധകര്‍.
രാഷ്ട്രപതി ഭവനിൽ വെച്ച് നടന്ന ചടങ്ങിലാണ് പ്രശാന്തിന് രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരം നൽകിയത്. ഇന്ത്യൻ വ്യോമസേനയുടെ ടെസ്റ്റ് പൈലറ്റായ പ്രശാന്ത്, ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാല് ബഹിരാകാശയാത്രികരിൽ ഒരാളാണ്.
സമാധാനകാലത്തെ ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന ധീരതാ അവാർഡാണ് കീർത്തി ചക്ര, ധൈര്യം, കടമയോടുള്ള സമർപ്പണം, രാഷ്ട്രത്തിനായുള്ള വിശിഷ്ട സേവനം എന്നിവയെയാണ് ഇത് അംഗീകരിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ വിക്ഷേപണത്തിന്റെ ഭാഗമായി ഒരു ബാക്കപ്പ് ബഹിരാകാശയാത്രികനായി പ്രവർത്തിച്ച ആക്സിയം-4 ദൗത്യത്തിന് നല്കിയ സംഭാവനകൾക്കാണ് പ്രശാന്തിന് കീർത്തിചക്ര ലഭിച്ചത്. ഈ വർഷം ജനുവരിയിൽ 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി ധീരതയ്ക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ, സ്വീകർത്താക്കളിൽ പ്രശാന്ത് നായരുടെ പേരും ഉൾപ്പെട്ടിരുന്നു.






