
തൊണ്ണൂറുകളില്‍ സൗത്ത് ഇന്ത്യന്‍ സിനിമയിലെ താരറാണിയായിരുന്നു സിമ്രാന്. തമിഴിലും തെലുങ്കിലും കന്നഡത്തിലും മലയാളത്തിലുമടക്കം സിമ്രാന് തിളങ്ങിയിട്ടുണ്ട്. ആരെയും മോഹിപ്പിക്കുന്ന വശ്യസൗന്ദര്യവും അസാമാന്യമായ നൃത്തപാടവവും അഭിനയമികവുമൊക്കെയാണ് സിമ്രാനെ താരറാണിയാക്കി മാറ്റിയത്. ഹിന്ദിയിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും, താരം കൂടുതല്‍ തിളങ്ങിയത് തമിഴിലാണ്. മൂന്നു പതിറ്റാണ്ടിലധികമായി സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന സിമ്രാന് ഇന്നും ആരാധകരേറെയാണ്. അബിഷൻ ജീവിന്ത് സംവിധാനം ചെയ്ത ‘ടൂറിസ്റ്റ് ഫാമിലി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് അടുത്തിടെ സിമ്രാന് ഏറെ പ്രശംസകള്‍ കിട്ടിയിരുന്നു.
സോഷ്യല്‍ മീഡിയയിലും സജീവമായ താരമാണ് സിമ്രാന്. റീല്‍സ് വീഡിയോകളും ഫോട്ടോഷൂട്ടുകളുമൊക്കെയായി തന്റെ എല്ലാ സന്തോഷങ്ങളും സിമ്രാന് അതിലൂടെ ആരാധകരോട് പങ്കിടാറുണ്ട്. താരം പങ്കിടുന്ന നൃത്തറീല്സ് വീഡിയോകളൊക്കെ നിമിഷനേരം കൊണ്ട് ട്രെന്‍ഡിംഗായി മാറാറുണ്ട്.
ഇപ്പോഴിതാ മകന് അധീപിന് ഹൃദയത്തില്‍ ചാലിച്ച ജന്മദിനാശംസകള് കുറിക്കുകയാണ് സിമ്രാന്. ഓമനത്തമുള്ള കുഞ്ഞിൽ നിന്ന് ഇന്നത്തെ അവിശ്വസനീയ വ്യക്തിയായി മകന് വളരുന്നത് കാണുന്നത് തങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണെന്നാണ് സിമ്രാന് കുറിച്ചിരിക്കുന്നത്.
‘‘എന്റെ കൈകൾ മുറുകെ പിടിച്ചിരുന്ന ചെറിയ കൈകളിൽ നിന്ന് ലോകത്തെ ഏറ്റെടുക്കാൻ തയ്യാറായ ഒരു ചെറുപ്പക്കാരനായി... ആ ഓമനത്തമുള്ള കുഞ്ഞിൽ നിന്ന് ഇന്നത്തെ അവിശ്വസനീയ വ്യക്തിയായി നീ വളരുന്നത് കാണുന്നത് ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ്. ജന്മദിനാശംസകൾ, അധീപ്... ഞങ്ങൾ നിന്നെക്കുറിച്ച് വളരെ അഭിമാനിക്കുന്നു...’’ എന്ന് കുറിച്ചാണ് സിമ്രാന്റെ പോസ്റ്റ്. മകനൊപ്പമുള്ള ത്രോ ബാക്ക് ചിത്രങ്ങളും മകന്റെ ഇപ്പോഴത്തെ ചിത്രങ്ങളും പങ്കിട്ടാണ് സിമ്രാന്റെ കുറിപ്പ്. താരപുത്രന്റെ ജന്മദിനത്തില് നിരവധി പേര് ആശംസകള്‍ കുറിക്കുന്നുണ്ട്. ഒപ്പം പുതിയ ഒരു താരോദയം കൂടി വെള്ളിത്തിരയ്ക്ക് മുന്നിലെത്താന്‍ സമയമായിരിക്കുന്നു എന്നും ചിലര്‍ കമന്റുകളില്‍ കുറിക്കുന്നുണ്ട്.
സിമ്രന്റെയും ദീപക്കിന്റെയും രണ്ട് മക്കളില്‍ മൂത്തവനാണ് അധീപ് ബഗ്ഗ. അധീപിനെ കൂടാതെ സുഹാന് ബഗ്ഗ എന്നൊരു മകന് കൂടി ഇവര്‍ക്കുണ്ട്. 21 വയസ്സുകാരനായ അധീപിന്റെ പേരില്‍ എന്നും അഭിമാനച്ചിട്ടുള്ള അച്ഛനും അമ്മയുമാണ് സിമ്രനും ദീപക്കും. ഗുരുഗ്രാമിലെ ലാന്‍സേഴ്സ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നിന്ന് ബിരുദം നേടിയപ്പോഴും, യാര്ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഒരു ഓഫര്‍ വന്നപ്പോഴും അധീപിന്റെ പേര് നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ഭര്‍ത്താവ് ദീപക് ബഗ്ഗയും മകന് ജന്മദിനാശംസകള് നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. സിമ്രാനും മകനുമൊപ്പം കാറില്‍ സഞ്ചരിക്കുന്ന ഒരു സെല്‍ഫി ചിത്രത്തിനൊപ്പമാണ് ദീപക്കിന്റെ പോസ്റ്റ്. കാറോടിക്കുന്നത് മകന് അധീപാണ്. ‘ഹാപ്പി ബര്‍ത്ത് ഡേ ഓഡോ ... നല്ലൊരു ദിവസം ആശംസിക്കുന്നു...’ എന്നാണ് അച്ഛന് കുറിപ്പ്. അധീപിനെ അടുപ്പമുള്ളവര്‍ വിളിക്കുന്നത് ഒഡോ എന്നാണ്.






