
നടി ശ്രീലീലയ്ക്ക് പിറന്നാള്‍ ആശംസിച്ച് ബോളിവുഡിന്റെ യുവ താരം കാര്‍ത്തിക് ആര്യന്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ആശംസകള്‍ പങ്കുവെച്ചത്. കാര്‍ത്തിക് ഓടിക്കുന്ന ബൈക്കിന് പിന്നില്‍ ശ്രീലീല ഇരിക്കുന്നതും ഇരുവരും ബൈക്കിന്റെ റിയര്‍വ്യൂ മിററിലേക്ക് നോക്കി പുഞ്ചിരിക്കുന്നതുമായ ഒരു ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്.
'ഹാപ്പി ബര്‍ത്ത്ഡേ ശ്രീ ശ്രീ' എന്നായിരുന്നു ചിത്രത്തിന് കാര്‍ത്തിക് നല്കിയ അടിക്കുറിപ്പ്. ഇതിന് മറുപടിയായി 'താങ്ക് യു സ്വീറ്റസ്റ്റ്' എന്ന് ശ്രീലീലയും കുറിച്ചു. ഇവരുടെ പ്രണയ ഗോസിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന പശ്ചാത്തലത്തില്‍ ഈ പോസ്റ്റ് ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
കാര്‍ത്തിക് ആര്യനും ശ്രീലീലയും തമ്മിലുള്ള പ്രണയത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി മാധ്യമങ്ങളില്‍ സജീവമാണ്. കഴിഞ്ഞ വര്‍ഷം കാര്‍ത്തിക്കിന്റെ മുംബൈയിലെ വസതിയില്‍ നടന്ന ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളില്‍ ശ്രീലീല പങ്കെടുത്തതോടെയാണ് ഈ ഗോസിപ്പുകള്‍ ശക്തമായത്. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ നടി എത്തിയത് ഇരുവരും വെറും സുഹൃത്തുക്കള്‍ മാത്രമല്ലെന്ന നിഗമനത്തിലേക്ക് ആരാധകരെ എത്തിച്ചു.
ഇതിനുമുമ്പ്, കാര്‍ത്തിക്കിന്റെ സഹോദരി ഡോ. കൃതിക തിവാരി തന്റെ മെഡിക്കല്‍ കരിയറിലെ ഒരു പ്രധാന നേട്ടം കൈവരിച്ചപ്പോള്‍ കാര്‍ത്തിക് നടത്തിയ ആഘോഷത്തിലും ശ്രീലീല പങ്കെടുത്തിരുന്നു. തുടര്‍ച്ചയായി കാര്‍ത്തിക്കിന്റെ കുടുംബ ചടങ്ങുകളില്‍ നടി പ്രത്യക്ഷപ്പെടുന്നത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിമാറി.
പ്രശസ്ത സംവിധായകന് അനുരാഗ് ബസു സംവിധാനം ചെയ്യുന്ന, പേരിട്ടിട്ടില്ലാത്ത പുതിയ പ്രണയ ചിത്രത്തിലാണ് കാര്‍ത്തിക്കും ശ്രീലീലയും ഒന്നിച്ചഭിനയിക്കുന്നത്. ടി-സീരീസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലൂടെയാണ് ശ്രീലീല ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രം 2026 അവസാനത്തോടെ തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സമീര്‍ വിദ്വാന് സംവിധാനം ചെയ്ത 'തൂ മേരി മേം തേരാ മേം തേരാ തൂ മേരി' എന്ന ചിത്രത്തിലാണ് കാര്‍ത്തിക് അവസാനമായി അഭിനയിച്ചത്.






