
2027ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുള്ള സെൽഫ് എന്യുമറേഷന് നാളെ മുതൽ ആരംഭിക്കും. സെൻസസ് പോർട്ടലിൽ 15 ദിവസത്തേക്ക് കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്വയം രേഖപ്പെടുത്താൻ അവസരമുണ്ട്. വീടുകളിലെത്തി വിവരശേഖരണം നടത്തുന്ന എന്യൂമറേറ്റർമാരുടെ കണക്കെടുപ്പ് ജൂലൈ 1 മുതൽ 30 വരെയായിരിക്കും. താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളാണ് ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായി നൽകേണ്ടത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ എട്ടാമത്തെ ജനസംഖ്യാ കണക്കെടുപ്പിനാണ് ഇത്തവണ തുടക്കമാകുന്നത്. സെൻസസ് ചരിത്രത്തിൽ ആദ്യമായി ഡിജിറ്റൽ സംവിധാനം വഴി വിവരങ്ങൾ സമർപ്പിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ കഴിയാത്തവർക്ക് എന്യൂമറേറ്റർമാർ വീടുകളിലെത്തുമ്പോൾ നേരിട്ട് വിവരങ്ങൾ കൈമാറാനും അവസരമുണ്ട്.
അടഞ്ഞുകിടക്കുന്ന വീടുകളുടെയും പ്രവാസികളുടെയും വിവരങ്ങൾ ജനസംഖ്യാ കണക്കെടുപ്പിൽ ഉൾപ്പെടുത്തില്ല. സ്ഥിരതാമസമുള്ള സ്ഥലത്തെ വിവരങ്ങളാണ് എന്യൂമറേറ്റർമാർ ശേഖരിക്കുക.






