
എയര്‍ ഇന്ത്യയിലെ ഒരു ക്ലീനിങ് സ്റ്റാഫിന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആളുകളുടെ ഹൃദയം കവരുന്നത്. വര്‍ഷ എന്ന യുവതിയാണ് അദ്ദേഹത്തിന്റെ പോസിറ്റീവ് മനോഭാവവും ജോലിയോടുള്ള ഇഷ്ടവും വ്യക്തമാക്കുന്ന വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ഒന്നും എളുപ്പമല്ല, എന്നാല്‍ എല്ലാം സാധ്യമാണ്' എന്ന വാക്കുകളോടൊപ്പമാണ് ഈ പോസ്റ്റ്.
യാദൃശ്ചികമായിട്ടാണ് വര്‍ഷ ഈ ജീവനക്കാരനെ കണ്ടുമുട്ടുന്നത്. അദ്ദേഹം തന്റെ ജോലിയെക്കുറിച്ച് സംസാരിച്ച രീതി തന്നെ എത്രത്തോളം സ്വാധീനിച്ചുവെന്ന് വിഡിയോയ്ക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ വര്‍ഷ വ്യക്തമാക്കുന്നു. വളരെ ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം തന്നോട് സംസാരിച്ചതെന്ന് യുവതി കുറിക്കുന്നു.
എയര്‍ ഇന്ത്യയിലെ ജോലി ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോള്‍, തന്റെ വര്‍ഷങ്ങളുടെ എക്സ്പീരിയന്‍സിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. കാബിന് ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ തനിക്ക് നല്കുന്ന പിന്തുണയെക്കുറിച്ചും വളരെ സന്തോഷത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. എയര്‍ ഇന്ത്യയുടെ ഭാഗമാകുക എന്നത് തന്റെ വലിയൊരു സ്വപ്നമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
വളരെ ശുദ്ധഗതിക്കാരനായ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വര്‍ഷ പറയുന്നു. ജീവിതത്തിന്റെ ലക്ഷ്യം സന്തോഷമായിരിക്കുക എന്നതാണെന്നതിന് മികച്ച ഉദാഹരണമാണ് ഈ മനുഷ്യന്. അദ്ദേഹത്തിന്റെ ഈ മനോഭാവവും പോസിറ്റിവിറ്റിയും ശരിക്കും പ്രചോദനമാവുന്നു എന്നാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍.






