
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് നടി മാധവി. ഒരു വടക്കന്‍ വീരഗാഥയിലെ ഉണ്ണിയാര്‍ച്ചയായും, ആകാശദൂതിലെ ആനിയായും പ്രേക്ഷകരുടെ ഹൃദയം മാധവി കീഴടക്കി. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മകൾ ടിഫാനി ഗൗരിയുടെ നേട്ടം പങ്കുവെച്ചെത്തിയിരിക്കുകയാണ് നടി.
യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, ഇര്‍വിനില്‍ നിന്ന് ടിഫാനി ഡിസ്റ്റിങ്ഷനോടെ എംബിഎ ബിരുദം കരസ്ഥമാക്കിയ സന്തോഷമാണ് മാധവി പങ്കുവെച്ചിരിക്കുന്നത്. ഭര്‍ത്താവ് റാല്‍ഫ് ശര്‍മ്മയ്ക്കും മറ്റ് മക്കളായ പ്രിസില്ല, എവ്‌ലിന്‍ എന്നിവര്‍ക്കൊപ്പം മകളുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
"യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, ഇര്‍വിനില്‍ നിന്നും ഉന്നത വിജയത്തിന്റെ തിളക്കത്തോടെ എംബിഎ പൂര്‍ത്തിയാക്കിയ ഞങ്ങളുടെ പ്രിയപ്പെട്ട ടിഫാനി ഗൗരികയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. നിന്റെ ശോഭനവും സുന്ദരവുമായ ഭാവിയില്‍ വിഘ്നേശ്വരന്റെയും നമ്മുടെ പരമപൂജ്യ ഗുരു സ്വാമി രാമന്റെയും അനുഗ്രഹങ്ങളും കാവലും എപ്പോഴുമുണ്ടാകും എന്ന് ഓര്‍ക്കുക.
വിജയങ്ങളിലേക്കുളള നിന്റെ ഓരോ ചുവടിലും കൂടെ നില്‍ക്കാന്‍ ഡാഡിയും, പ്രിസില്ലയും, എവ്‌ലിനും ഞാനും എപ്പോഴുമുണ്ടാകും. നിന്റെ ഈ വലിയ നേട്ടത്തിലും വിജയത്തിലും ഞങ്ങള്‍ പ്രാര്‍ഥനയോടെ അഭിമാനത്തോടെ സന്തോഷിക്കുന്നു" - മാധവി കുറിച്ചു.
എണ്‍പതുകളിലും തൊണ്ണൂറുകളിലും ദക്ഷിണേന്ത്യന്‍ സിനിമയിലും ബോളിവുഡിലും തിളങ്ങി നിന്നിരുന്ന മാധവി വിവാഹത്തോടെയാണ് അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തത്. വ്യവസായിയായ റാല്‍ഫ് ശര്‍മയെ വിവാഹം കഴിച്ചശേഷം കുടുംബത്തോടൊപ്പം യുഎസിലെ ന്യൂജേഴ്‌സിയിലാണ് താമസം.






