
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദേശ വനിതയ്ക്ക് എബോളയെന്ന് സംശയം. സൗത്ത് സുഡാനിൽ നിന്നെത്തിയ 52കാരിക്കാണ് എബോളയുണ്ടോ എന്ന് സംശയിക്കുന്നത്. പാലായിലെ സ്വകാര്യ ആശുപത്രിയിൽ പനി ആയി എത്തിയതാണ്. സുഡാൻ സ്വദേശി ആയത് കൊണ്ട് മെഡിക്കൽ കോളേജിലെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.
മെഡിക്കൽ കോളേജിലെ പ്രത്യേക ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ് ഇവർ. പ്രത്യേക സംഘത്തെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. അതേസമയം, സാധാരണ എബോള രോഗത്തിന് ഉണ്ടാകുന്ന മറ്റ് രോഗലക്ഷണങ്ങളൊന്നും ഇവർക്കില്ല. പനിയിൽ നേരിയ വ്യത്യാസമുണ്ടെന്ന് ആശുപത്രി അധികൃതർ പറയുന്നു.
തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുന്ന സാമ്പിൾ ഫലം ലഭിച്ചാൽ മാത്രമേ എബോളയാണോയെന്ന് സ്ഥിരീകരിക്കാനാകൂവെന്നും തുടർചികിത്സ ഉൾപ്പെടെ തീരുമാനിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും അധികൃതർ അറിയിച്ചു.






