
തിരുവനന്തപുരം: ബജറ്റിൽ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി സംബന്ധിച്ച പ്രഖ്യാപനത്തിന് ജനപ്രീതിയേറും. വിലയുടെ അടിസ്ഥാനത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി ഘടനയിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ലക്ഷ്വറി വാഹനങ്ങൾക്ക് കൂടുതൽ നികുതി ചുമത്തി വരുമാനം വർധിപ്പിക്കാനും വില കുറഞ്ഞ സാധാരണ വാഹനങ്ങൾക്ക് ഇളവ് നൽകി ഇലക്ട്രിക് വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് ഇളവിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
പത്ത് ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് നിലവിലെ അഞ്ച് ശതമാനം റോഡ് നികുതി മൂന്ന് ശതമാനമായി കുറച്ചു. അതേസമയം, 15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി എട്ട് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി ആണ് കുറച്ചത്. എന്നാൽ, 20 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെയുള്ള വാഹനങ്ങൾക്ക് 10 ശതമാനം നികുതി തുടരും. 40 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആഡംബര ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിച്ചു.
ഭിന്നശേഷിക്കാർക്ക് ഇളവ് ഇളവ് ലഭിക്കുന്ന വാഹന മൂല്യപരിധി ഏഴ് ലക്ഷത്തിൽ നിന്ന് 15 ലക്ഷമായി ഉയർത്തിയിട്ടുണ്ട്.






