
മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടി ദുർഗ കൃഷ്ണ. കഴിഞ്ഞ വർഷമായിരുന്നു ദുർഗയ്ക്കും ഭർത്താവ് അർജുനും മകൾ പിറന്നത്. പ്രകൃതി ദുർഗ അർജുൻ എന്നാണ് മകളുടെ പേര്. മകൾ ജനിച്ചതു മുതലുള്ള എല്ലാ വിശേഷങ്ങളും ദുർഗ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ദുർഗയുടെ ഭർത്താവ് അർജുൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.
ദുർഗയ്ക്കും മകൾക്കുമൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അർജുന്റെ കുറിപ്പ്. ‘പ്രകൃതിമോൾ നമ്മുടെ ലോകത്തെ കീഴ്മേൽ മറിക്കുന്നു, നിന്റെ ഉറക്കം പാടേ കെടുത്തുന്നു, ഹൃദയത്തെ പൂർണ്ണമായും തുറന്നിടുന്നു.. എങ്കിലും ഈ മനോഹരമായ കോലാഹലങ്ങൾക്കിടയിലും നമുക്ക് പരസ്പരം തിരിച്ചെത്താനുള്ള വഴി എന്നും കണ്ടെത്തിക്കൊണ്ടേയിരിക്കാം ’എന്നായിരുന്നു അർജുന്റെ വാക്കുകൾ.
ലൈഫ് ഓഫ് ന്യൂ പേരന്റ്സ്, റെസ്പോൺസിബിലിറ്റീസ്, പോസ്റ്റപാർട്ടം എന്നീ ഹാഷ് ടാഗുകളും കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്. 2021 ലാണ് ദുർഗ കൃഷ്ണയും അർജുനും വിവാഹിതരായത്. നിർമാതാവും ബിസിനസുകാരനുമാണ് അർജുൻ.
മകളുടെ ജനനശേഷമുള്ള സന്തോഷ നിമിഷങ്ങൾ പലതും ദുർഗ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞിന്റെ നൂലുകെട്ടിന്റെ ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ ദിവസം മകൾക്കൊപ്പമുള്ള മനോഹരമായ ഒരു വീഡിയോയും താരം പങ്കുവെച്ചിരുന്നു.
വിമാനം എന്ന ചിത്രത്തിലൂടെയാണ് ദുർഗ അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, തങ്കമണി, ഒരു അന്വേഷണത്തിന്റെ തുടക്കം, ഉടൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. എം.ടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി ഒരുക്കിയ മനോരഥങ്ങളിൽ മോഹൻലാലിന്റെ നായികയായും ദുർഗ വേഷമിട്ടിരുന്നു.






