
ഗുജറാത്തിലെ തിരക്കേറിയ ഒരു റോഡില്‍ പ്ലാസ്റ്റിക് ഡ്രമ്മില്‍ തല കുടുങ്ങിയ തെരുവ് പശുവിനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപെടുത്തുന്ന ഹൃദയസ്പര്‍ശിയായ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. വഴിയരികില്‍ ഉപേക്ഷിച്ച നിലയിലായിരുന്ന നീല പ്ലാസ്റ്റിക് ഡ്രമ്മിനുള്ളില്‍ അബദ്ധത്തില്‍ പശുവിന്റെ തല കുടുങ്ങുകയായിരുന്നു. കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും മറഞ്ഞതോടെ ഭയന്നുപോയ പശു, തലയൂരാന്‍ കഴിയാതെ റോഡിലൂടെ പരിഭ്രാന്തിയോടെ നെട്ടോട്ടമോടിയത് വന്‍ അപകടഭീഷണിയാണ് ഉയര്‍ത്തിയത്.
റോഡിലൂടെ പോയ യാത്രക്കാരും സമീപത്തുണ്ടായിരുന്ന നാട്ടുകാരും ചേര്‍ന്നാണ് ഒടുവില്‍ പശുവിന്റെ രക്ഷയ്‌ക്കെത്തിയത്. പശുവിനെ ശാന്തമാക്കാന്‍ ശ്രമിച്ച നാട്ടുകാര്‍ ഏറെ പ്രയത്‌നിച്ചാണ് അതിനെ ഒരു സ്ഥലത്ത് നിര്‍ത്തിക്കാന്‍ സാധിച്ചത്. തുടര്‍ന്ന് പശുവിന് പരിക്കേല്‍ക്കാത്ത രീതിയില്‍ വളരെ ശ്രദ്ധയോടെ ഡ്രം തലയില്‍ നിന്നും വലിച്ചൂരാന്‍ നാട്ടുകാര്‍ക്ക് സാധിച്ചു. വലിയൊരു അപകടത്തില്‍ നിന്നും രക്ഷപെട്ട പശു സുരക്ഷിതമായി ഓടി മാറുന്നത് വീഡിയോയില്‍ കാണാം.
നാട്ടുകാരുടെ സമയബന്ധിതമായ ഇടപെടലിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി രംഗത്തെത്തുന്നത്. എന്നാല്‍ അതോടൊപ്പം തന്നെ, പൊതുസ്ഥലങ്ങളിലും റോഡരികുകളിലും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും വലിയ പാത്രങ്ങളും അലക്ഷ്യമായി തള്ളുന്നതിനെതിരെ കടുത്ത വിമര്‍ശനവും ഉയരുന്നുണ്ട്. ഇത്തരം അശ്രദ്ധമായ പ്രവൃത്തികള്‍ തെരുവ് മൃഗങ്ങളുടെ ജീവന് എത്രത്തോളം വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത് എന്ന് ഈ സംഭവം വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.







Comments