
ഇളയ മകൾ നക്ഷത്രയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ ഇന്ദ്രജിത്തും പൂർണിമയും. നക്ഷത്രയുടെ പതിനേഴാം പിറന്നാളാണിന്ന്. മകളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് ‘ഹാപ്പി ബർത്ത് ഡേ നച്ചു' എന്നാണ്ഇന്ദ്രജിത്ത് കുറിച്ചത്.
അമ്മയും മകളും തമ്മിലുള്ള സുന്ദരമായ നിമിഷങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു പൂർണിമയുടെ ആശംസ. 'സ്വീറ്റ് 17' എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി താരം നൽകിയിരിക്കുന്നത്.
"ഞങ്ങളുടെ ജീവിതം മനോഹരമാക്കുന്ന പെൺകുട്ടിക്ക് പതിനേഴാം പിറന്നാൾ ആശംസകൾ" എന്ന് കുറിച്ചുകൊണ്ട് നക്ഷത്രയുടെ നിരവധി ചിത്രങ്ങളും താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
ഇന്ദ്രജിത്തിന്റെ സഹോദരനും നടനുമായ പൃഥ്വിരാജും നക്ഷത്രയ്ക്ക് ആശംസകൾ നേർന്ന് എത്തിയിരുന്നു. 'ഹാപ്പി ബർത്ത്ഡേ നച്ചു' എന്നാണ് നക്ഷത്രയുടെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കിട്ടുകൊണ്ട് പൃഥ്വി കുറിച്ചത്.

ഇന്ദ്രജിത്ത് സുകുമാരന്റെയും പൂർണിമയുടെയും രണ്ടാമത്തെ മകളായ നക്ഷത്ര 2017-ൽ പുറത്തിറങ്ങിയ 'തിയാൻ' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. ചിത്രത്തിൽ അച്ഛൻ ഇന്ദ്രജിത്തിന്റെ കഥാപാത്രത്തിന്റെ മകളായിത്തന്നെയാണ് നക്ഷത്ര വേഷമിട്ടത്. 'ലാലണ്ണാസ് സോങ്' എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിം ക്രിട്ടിക്സ് നോമിനേഷനിലും നക്ഷത്ര ഇടം പിടിച്ചിരുന്നു.
അഭിനയത്തിനു പുറമെ പിന്നണി ഗാനരംഗത്തും നക്ഷത്ര തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രമായ 'ദി ഗ്രേറ്റ് ഫാദറിൽ' സഹോദരി പ്രാർഥനയ്ക്കൊപ്പം നക്ഷത്ര പാടിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ നക്ഷത്ര, പ്രാർഥനയ്ക്കൊപ്പം ചെയ്യുന്ന ഡാൻസ് റീലുകളെല്ലാം പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.







Comments