
കൊച്ചി: കേരളത്തിന്റെ തീരത്ത് നിന്നും ഒരുകിലോ കരിമണല്‍ പോലും ഖനനം ചെയ്യാന്‍ ബിജെപി സമ്മതിക്കില്ലെന്നും ശക്തമായി സമരരംഗത്ത് ഉണ്ടാകുമെന്നും ബിജെപി ഉപാദ്ധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ്ജ്. കേരളത്തിന്റെ കരിമണല്‍ കൊണ്ടുപോകാന്‍ ഒരു സ്വകാര്യ കമ്പനികളെയും അനുവദിക്കില്ലെന്നും കരിമണല്‍ കൊള്ളയുടെ പാര്‍ട്ട് ടൂ ആണ് വി.ഡി. സതീശന്‍ പ്രഖ്യാപിച്ചതെന്നും പറഞ്ഞു.
കരിമണല്‍ കൊള്ളയുടെ രണ്ടാംഭാഗമാണ് ബജറ്റിലൂടെ മുഖ്യമന്ത്രി അവതരിപ്പിച്ചത്. ഭരിക്കുന്ന മുന്നണിയുടെ തന്നെ നേതാക്കള്‍ വളരെ കൃത്യമായി എതിര്‍പ്പ് രേഖപ്പെടുത്തിക്കഴിഞ്ഞിട്ടും പദ്ധതിയുമായി മുമ്പോട്ട് പോകുന്നത് അഴിമതി നടത്താനാണെന്നും പറഞ്ഞു.
കരിമണല്‍ കൊള്ളയുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍ എക്‌സാലോജി കേസ് ആരംഭിച്ചപ്പോള്‍ മുതല്‍ പലതരം ഹര്‍ജികള്‍ ബിജെപി സമര്‍പ്പിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ 2024 ല്‍ കേരളാ ഹൈക്കോടതി വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരളത്തിന്റെ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതിന് മേല്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. 2019 ല്‍ കേന്ദ്രസര്‍ക്കാര്‍ െകാണ്ടുവന്ന ഈ ഉത്തരവ് പ്രകാരം പൊതുമേഖലാ സ്്ഥാപനങ്ങള്‍ക്കോ സര്‍ക്കാരിനോ അല്ലാതെ ആര്‍ക്കും ഖനനാനുമതിയില്ലെന്നാണ്.
ഇപ്പോള്‍ എടുത്തിരിക്കുന്ന സ്വകാര്യവല്‍ക്കരിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം നിയമവിരുദ്ധമായി മറ്റാരേയോ സഹായിക്കാന്‍ വേണ്ടിയുള്ളതാണ്. ഇത് മറ്റൊരു സി.എം.ആര്‍.എല്ലിനെ സൃഷ്ടിക്കാനുള്ള ഗൂഡലക്ഷ്യമാണ്. കേരളത്തിന്റെ തീരദേശം കരിമണല്‍ കൊണ്ട് സമ്പന്നമാണ്. ഒരുപക്ഷേ ഇന്ത്യ മുഴുവനുമുള്ള സ്വത്തിനേക്കാള്‍ കൂടുതല്‍ മിനറല്‍സ് കേരളത്തിന്റെ തീരദേശത്ത് അത് ഒളിഞ്ഞു കിടക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു തവണമായി മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കരിമണലിനെ കൊള്ളയടിക്കുകയാണ്.
കരിമണലില്‍ കൊള്ളയടിച്ചതിന്റെ വീതം പറ്റിയതിന്റെ കേസാണ് മാസപ്പടിയില്‍ നടക്കുന്നത്. ഇത് ലക്ഷങ്ങളുടേതല്ല. കോടികളുടേതാണ്. വീതം പറ്റിയവരുടെ വിവരം ഇനിയും പുറത്തുവരാനുണ്ട്. ആ ലിസ്റ്റ് പുറത്തുവരുമ്പോള്‍ അതില്‍ സംസ്ഥാന മന്ത്രിസഭയിലെ ഉന്നതപദവി വഹിക്കുന്നവരുമുണ്ടാകും. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നിസ്സാരദിവസം കൊണ്ട് അടുത്ത കൊള്ളയ്ക്ക് കോപ്പു കൂട്ടുകയാണ്. കൊള്ളയടിക്കാന്‍ ഇടതു വലതു മുന്നണികള്‍ മത്സരിക്കുന്നു.
ഇപ്പോള്‍ വൈദ്യുതി വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രചാരമുണ്ട്. ഇലക്ട്രിക് വെഹിക്കിളിന് ഏറ്റവും കൂടുതല്‍ വേണ്ടത് പെര്‍മനെന്റ് മാഗ്നറ്റാണ്. അത് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ധാതുസമ്പത്ത് ഇവിടെ ഒളിഞ്ഞുകിടപ്പുണ്ട്. അത് മനസ്സിലാക്കിയ വിദേശ കമ്പനികളും ഇന്ത്യയില്‍ തന്നെയുള്ള ബിസിനസ് ഭീമന്മാരും നമ്മുടെ സര്‍ക്കാരിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് സംശയിക്കപ്പെടുന്നു.
ഇത്തരം വ്യവസായം തുടങ്ങേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. കേന്ദ്രസര്‍ക്കാര്‍ 7500 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. 400 കോടി മുടക്കിയാല്‍ തുടങ്ങാനാകും. എന്നാല്‍ സ്വകാര്യ പങ്കാളിത്തമില്ലാതെ അഴിമതി നടക്കില്ല. അതുകൊണ്ടാണ് ഇങ്ങിനെ ചെയ്യുന്നത് രണ്ടു പതിറ്റാണ്ടായി മാറിമാറി വരുന്ന സര്‍ക്കാരുകളെ തീറ്റിപ്പോറ്റുന്നത് കരിമണല്‍ മാഹഫിയയാണെന്നും ഷോണ്‍ജോര്‍ജ്ജ് പറഞ്ഞു.






