
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പദ്മഭൂഷൺ ബഹുമതി മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് മമ്മൂട്ടി പുരസ്കാരം ഏറ്റുവാങ്ങിയത്.
ചടങ്ങിനായി കഴിഞ്ഞ ദിവസം മമ്മൂട്ടി കുടുംബസമേതം ഡൽഹിയിൽ എത്തിയിരുന്നു. മമ്മൂട്ടി പുരസ്‌കാരം ഏറ്റുവാങ്ങവെ സദസ്സിലിരുന്ന് കൈയടിക്കുന്ന മകൻ ദുൽഖർ സൽമാനെ ദൃശ്യങ്ങളിൽ കാണാമായിരുന്നു.മമ്മൂട്ടിയുടെ സന്തത സഹചാരിയും നിർമാതാവുമായ എസ്. ജോർജും സദസ്സിലുണ്ടായിരുന്നു. നിർമാതാവ് ആന്റോ ജോസഫും ചടങ്ങിന് സാക്ഷിയായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലോക്‌സഭ സ്പീക്കർ ഓം ബിർളയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷമാണ് മമ്മൂട്ടി രാഷ്ട്രപതിക്കരികിലേക്ക് നടന്നത്. 1998-ൽ രാജ്യം മമ്മൂട്ടിയെ പദ്മശ്രീ നൽകി ആദരിച്ചു. പദ്മഭൂഷന്റെ തിളക്കത്തിലെത്തുന്നത് 28 വർഷത്തിനുശേഷമാണ്. മികച്ച നടനുള്ള ഏഴു പുരസ്കാരമുൾപ്പെടെ 10 അവാർഡുകളാണ് അദ്ദേഹം നേടിയത്. മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്നു തവണയും അദ്ദേഹത്തെ തേടിയെത്തിയത് .






