സാന്താ ക്ലാര (യു.എസ്.എ): ജോര്‍ദാനെതിരേ നടന്ന ഫുട്ബോള്‍ ലോകകപ്പ് ജെ ഗ്രൂപ്പ് മത്സരത്തില്‍ അള്‍ജീരിയ ജയിച്ചത് ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷം. ആദ്യ മത്സരത്തില്‍ അര്‍ജന്റീനയോടു 3-0 ത്തിനു തോറ്റ അള്‍ജീരിയയ്ക്ക് പിടിച്ചു നില്ക്കാന് ജയം അനിവാര്യമായിരുന്നു.
രണ്ട് കളികളും ജയിച്ച് ആറ് പോയിന്റുമായി അര്‍ജന്റീന നോക്കൗട്ട് ഉറപ്പാക്കി. രണ്ട് കളികളില്‍നിന്നു മൂന്ന് പോയിന്റ് നേടിയ ഓസ്ട്രേിയ രണ്ടാം സ്ഥാനത്തും അള്‍ജീരിയ മൂന്നാം സ്ഥാനത്തുമാണ്. ഗോള്‍ ശരാശരിയിലെ മികവാണ് ഓസ്ട്രിയയെ മുന്നിലെത്തിച്ചത്. 36-ാം മിനിറ്റില്‍ നിസാര്‍ അല്‍ റഷ്ദാന്റെ ഗോളിലൂടെയാണു ജോര്‍ദാന്‍ മുന്നിലെത്തിയത്. രണ്ടാം പകുതിയില്‍ നാദിര്‍ ബെന്ബുവാലി സമനില ഗോളടിച്ചു. കളി തീരാന്‍ എട്ട് മിനിറ്റ് ശേഷിക്കേ അമിന്‍ ഗവോരി അള്‍ജീരിയയുടെ ജയമുറപ്പിച്ച ഗോളുമടിച്ചു.
ജോര്‍ദാനെതിരേ പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ടീമിനു ലഭിച്ചത്. ഒന്നാം പകുതിയില്‍ ഗോള്‍ വഴങ്ങിയ ശേഷമാണ് രണ്ടാം പകുതിയില്‍ രണ്ടെണ്ണം തിരിച്ചടിച്ച് അള്‍ജീരിയ ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കിയത്. മൗസ അല്തമാരിയുടെ അസിസ്റ്റിലായിരുന്നു നിസാറിന്റെ ഗോള്‍. രണ്ടാം പകുതിയില്‍ തകര്‍ത്തു കളിച്ചാണ് അള്‍ജീരിയ മത്സരം സ്വന്തമാക്കിയത്.
രണ്ടാം പകുതിയുടെ 69-ാം മിനിറ്റില്‍ നാദിര്‍ ബെന്ബോലി സമനില ഗോളടിച്ചു. രണ്ടാം തോല്‍വി വഴങ്ങിയ ജോര്‍ദാന്റെ നോക്കൗട്ട് പ്രതീക്ഷകള്‍ അവസാനിച്ചു. അര്‍ജന്റീനയ്ക്കെതിരേ പുറത്തിരുന്ന റിയാസ് മഹ്റസ് ഇന്നലെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ കളിച്ചു.






