ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് ടീം ഡല്‍ഹി ക്യാപിറ്റല്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെ തിരിച്ചു വിളിക്കുന്നു. കുല്‍ദീപ് യാദവിനെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനു പകരം നല്‍കിയാണ് ഡല്‍ഹി പന്തിനെ തിരിച്ചു വിളിച്ചത്.
രണ്ടു സീസണ് മുമ്പ് 27 കോടി രൂപയെന്ന റെക്കോഡ് തുകയ്ക്ക് ലഖ്നൗ സ്വന്തമാക്കിയ പന്ത് തിരിച്ചെത്തുമ്പോള്‍ പ്രതിഫലം 15 കോടിയായി ചുരുങ്ങും. 13.50 കോടി രൂപയ്ക്കാണ് കുല്‍ദീപ് യാദവ് ലഖ്നൗവിന്റെ ഭാഗമാകുന്നത്. 2025 ല്‍ ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കായിരുന്നു അന്ന് ലഖ്നൗ പന്തിനെ വാങ്ങിയത്. കഴിഞ്ഞ രണ്ട് സീസണുകളിലും പ്രതീക്ഷക്കൊത്തുയരാന്‍ സാധിച്ചില്ല. 2025 ല്‍ 269 റണ്ണും കഴിഞ്ഞ സീസണില്‍ 312 റണ്ണുമാണെടുത്തത്. ഓപ്പണിങ് മുതല്‍ ഫിനിഷര്‍ വരെ വിവിധ റോളുകളില്‍ പരീക്ഷിച്ചെങ്കിലും തിളങ്ങിയില്ല. 2016 മുതല്‍ 2024 വരെ പന്ത് ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ചു. ടീമിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ (111) കളിച്ച താരവും പന്താണ്. 2021 മുതല്‍ 2024 വരെയുള്ള നാല് സീസണുകളില്‍ 43 മത്സരങ്ങളില്‍ ഡല്‍ഹിയെ നയിച്ചു.






