
ദേശീയവേദിയിൽ മകൻ രാം ചരണിന് ലഭിച്ച ആഗോള അംഗീകാരത്തിൽ അതീവ സന്തോഷവും അഭിമാനവും പങ്കുവെച്ച് മെഗാസ്റ്റാർ ചിരഞ്ജീവി. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റിപ്പബ്ലിക് ടിവി പരിപാടിയിൽ രാം ചരണിനെ 'ന്യൂ ഏജ് മെഗാസ്റ്റാർ' എന്ന് വിശേഷിപ്പിച്ചതാണ് ചിരഞ്ജീവിയെ ഏറെ വൈകാരികമായ ഒരു കുറിപ്പ് പങ്കുവെക്കാൻ പ്രേരിപ്പിച്ചത്. പ്രധാനമന്ത്രിയും രാം ചരണും ഒന്നിച്ചുള്ള ചിത്രങ്ങളും അദ്ദേഹം ഈ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
പ്രശസ്തമായ തെലുങ്ക് കാവ്യമായ 'സുമതി ശതക'ത്തിലെ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് ചിരഞ്ജീവി തന്റെ ഹൃദയസ്പർശിയായ കുറിപ്പ് ആരംഭിച്ചത്.
“മകൻ ജനിക്കുമ്പോഴല്ല ഒരു പിതാവിന് യഥാർത്ഥ സന്തോഷം ഉണ്ടാകുന്നത്; മറിച്ച്, ജനങ്ങൾ ആ മകന്റെ ഗുണഗണങ്ങളെ കണ്ട് പുകഴ്ത്തുമ്പോഴാണ് ഒരു പിതാവ് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത്. ഇന്നലെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജി പങ്കെടുത്ത റിപ്പബ്ലിക് ടിവി പരിപാടിയിൽ റാം ചരണിനെ ‘ന്യൂ ഏജ് മെഗാസ്റ്റാർ’ എന്ന് അഭിസംബോധന ചെയ്തത് എനിക്ക് ഏറെ സന്തോഷം നൽകി. ഇത്തരം അഭിമാനകരമായ വേദികളിൽ ചരണിന് ലഭിക്കുന്ന അംഗീകാരവും ആദരവും കാണുമ്പോൾ ഒരു പിതാവ് എന്ന നിലയിൽ എനിക്ക് ഏറെ അഭിമാനമുണ്ട്.
തന്റെ കഠിനാധ്വാനം, അർപ്പണബോധം, അഭിനയമികവ് എന്നിവയിലൂടെ പ്രേക്ഷകരുടെ സ്നേഹം മാത്രമല്ല, രാജ്യമെമ്പാടും സവിശേഷമായ ഒരു അംഗീകാരം കൂടി അവൻ നേടിയെടുത്തത് ശരിക്കും സന്തോഷകരമായ കാര്യമാണ്. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കിക്കൊണ്ട് തെലുങ്ക് സിനിമയുടെ ഖ്യാതി ലോകമെമ്പാടും അവൻ കൂടുതൽ വ്യാപിപ്പിക്കട്ടെ എന്ന് ഞാൻ പൂർണ്ണഹൃദയത്തോടെ ആശംസിക്കുന്നു." ചിരഞ്ജീവിയുടെ വാക്കുകള്.
റിപ്പബ്ലിക് ടിവി പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റാം ചരൺ നടത്തിയ കൂടിക്കാഴ്ച സിനിമാ-സാംസ്കാരിക ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ഇന്ത്യൻ സിനിമയുടെ ആഗോള മുഖങ്ങളിലൊന്നായി റാം ചരൺ വളരുന്നതിന്റെ തെളിവാണ് ഈ അംഗീകാരമെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു. പരമ്പരാഗതമായ മൂല്യങ്ങളും ആധുനിക നേട്ടങ്ങളും ഒരേപോലെ സമന്വയിപ്പിച്ചുകൊണ്ട് ഒരു പിതാവ് തന്റെ മകന് നൽകിയ ഈ ആശംസ സോഷ്യൽ മീഡിയയിലും തരംഗമായിക്കഴിഞ്ഞു.
അതേസമയം ബുചി ബാബു സന സംവിധാനം ചെയ്ത പെദ്ദിയാണ് രാം ചരണിന്റേതായി ഏറ്റവും ഒടുവില് തിയേറ്ററുകളിലെത്തിയ ചിത്രം. ജാന്വി കപൂറായിരുന്നു ചിത്രത്തില് നായികയായെത്തിയത്.







Comments