
അന്തരിച്ച മുത്തശ്ശിയുടെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ബോളിവുഡ് നടി അമീഷാ പട്ടേൽ. മുത്തശ്ശിയെ താൻ ഓരോ നിമിഷവും മിസ്സ് ചെയ്യുന്നുണ്ടെന്നും, തന്റെ മാലാഖയായ മുത്തശ്ശി ഒപ്പമുള്ളതിനാൽ തനിക്ക് ഇപ്പോൾ സ്വർഗ്ഗത്തോട് അസൂയ തോന്നുന്നുണ്ടെന്നും അമീഷ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഒരു ആരാധകൻ മുത്തശ്ശിക്കായി തയ്യാറാക്കിയ പ്രത്യേക റീൽ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചുകൊണ്ടാണ് താരം ഓർമ്മകൾ പുതുക്കിയത്.
"എന്റെ മാലാഖയായ മുത്തശ്ശിക്ക് - എന്റെ 'നാൺഫി'ക്ക്) ഏറ്റവും സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾ. ഓരോ ദിവസവും ഓരോ നിമിഷവും ഞാൻ നിങ്ങളെ മിസ്സ് ചെയ്യുന്നു. പ്രൗഢിയുടെയും രാജകീയതയുടെയും പ്രതീകമായിരുന്നു എന്റെ മുത്തശ്ശി. നിങ്ങൾക്ക് ഒപ്പമുള്ളതിനാൽ എനിക്ക് സ്വർഗ്ഗത്തോട് അസൂയ തോന്നുന്നു. എങ്കിലും നിങ്ങൾ എന്നുമെന്നും എന്റെ ഹൃദയത്തിലും ആത്മാവിലും കൂടെയുണ്ടാകുമെന്ന് എനിക്കറിയാം," അമീഷ കുറിച്ചു.
മുത്തശ്ശിയുടെ ജീവിതത്തെയും അവരുടെ അപൂർവ്വമായ കഴിവുകളെയും കുറിച്ചുള്ള ദൃശ്യങ്ങളാണ് ആരാധകൻ തയ്യാറാക്കിയ റീലിൽ ഉള്ളത്. കൊച്ചു പാവകളും അവയുടെ പകർപ്പുകളും നിർമ്മിക്കുന്നതിൽ അതീവ വൈദഗ്ധ്യമുള്ള ആളായിരുന്നു അമീഷയുടെ മുത്തശ്ശി. മഹാത്മാഗാന്ധി, ചരിത്രപ്രസിദ്ധമായ സത്യാഗ്രഹം, ദണ്ഡി യാത്ര തുടങ്ങിയ ചരിത്ര മുഹൂർത്തങ്ങളെ ആസ്പദമാക്കിയുള്ള പാവകളുടെ നിർമ്മാണം ഇതിൽ എടുത്തുപറയേണ്ട ഒന്നാണ്. തന്റെ മുത്തശ്ശിയുമായി തനിക്കുണ്ടായിരുന്ന ആഴമേറിയ ബന്ധത്തെക്കുറിച്ച് മുൻപും പല അഭിമുഖങ്ങളിലും അമീഷ വാചാലയായിട്ടുണ്ട്.
2000-ൽ ഋത്വിക് റോഷന്റെ നായികയായി 'കഹോ നാ... പ്യാർ ഹേ' എന്ന ചിത്രത്തിലൂടെയാണ് അമീഷാ പട്ടേൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് 'ഗദ്ദർ: ഏക് പ്രേം കഥ', 'ഹംറാസ്', 'ഭൂൽ ഭുലയ്യ' തുടങ്ങി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. സണ്ണി ഡിയോളിനൊപ്പം 'സക്കീന' എന്ന തന്റെ ഐക്കോണിക് കഥാപാത്രമായി വീണ്ടുമെത്തിയ 'ഗദ്ദർ 2' ആണ് അമീഷയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.






