
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നില്ക്കുന്ന താരറാണിയാണ് സമാന്ത റൂത്ത് പ്രഭു. പ്രണയിച്ച് വിവാഹം ചെയ്ത നാഗചൈതന്യയുമായുള്ള ബന്ധം വേര്പെട്ടപ്പോഴുണ്ടായ മാനസിക സമ്മര്‍ദ്ദത്തെ തരണം ചെയ്തതും പിന്നീട് തനിക്കുണ്ടായ മയോസൈറ്റിസ് എന്ന രോഗത്തെ ആത്മവിശ്വാസത്തോടെയും മനോബലത്തോടെയും നേരിട്ടതുമടക്കം വ്യക്തിജീവിതത്തിലും താരം പലര്‍ക്കും പ്രചോദനമായിട്ടുണ്ട്.
പ്രതിസന്ധികളെ ആത്മധൈര്യത്തോടെ നേരിട്ട സമാന്ത കരിയറിലും വ്യക്തിജീവിതത്തിലും തിളങ്ങി നില്ക്കുകയാണിപ്പോള്. കോയമ്പത്തൂരിലെ ഈഷ യോഗ കേന്ദ്രത്തിലെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ നടന്ന സ്വകാര്യ ഭൂത ശുദ്ധി വിവാഹചടങ്ങില്‍ വച്ച് സംവിധായകനായ രാജ് നിധിമോരുവിനെ സമാന്ത തന്റെ ജവിതപങ്കാളിയാക്കി. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു സമയത്തിലൂടെയാണ് താരമിപ്പോള്‍ കടന്നു പോകുന്നത്. സമാന്തയും രാജും തങ്ങളുടെ ആദ്യത്തെ കണ്മണിയെ സ്വീകരിക്കാനൊരുങ്ങുകയാണ്. കരിയറിലും തിളങ്ങി നില്ക്കുന്ന താരത്തിന്റെ ഏറ്റവും പുതിയ സിനിമ ‘മാ ഇൻതി ബംഗാരം’ ആരാധകര്‍ സൂപ്പര്‍ഹിറ്റാക്കി മാറ്റിയിരിക്കുകയാണ്.
ഇപ്പോഴിതാ ഹൈദരാബാദില്‍ ‘മാ ഇൻതി ബംഗാര’ത്തിന്റെ വിജയാഘോഷത്തിനിടെ ആരോഗ്യകരമായ ഒരു റിലേഷന്‍ഷിപ്പിനെക്കുറിച്ച് സമാന്ത പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സ്ത്രീകള്‍ തങ്ങളുടെ പങ്കാളിയാണ് തന്നെ പൂർണ്ണമാക്കുന്നത് എന്ന ധാരണയില്‍ വിശ്വസിക്കരുതെന്നാണ് താരം പറഞ്ഞത്. ആരുടെയും പേരെടുത്ത് പറയുന്നില്ലെങ്കിലും സമാന്തയുടെ വാക്കുകള്‍ ആരെക്കുറിച്ചാണെന്ന് കൃത്യമായി മനസ്സിലാകുന്നതാണ്.
‘‘നിങ്ങളുടെ കരിയറും നിങ്ങളുടെ ബന്ധവും എല്ലാം നിങ്ങളുടെ കൈകളിലാണ്. എന്നാല്‍ ചിലപ്പോള്‍ ബന്ധങ്ങള്‍ സങ്കീർണ്ണമാകാം, അത് എല്ലായ്പ്പോഴും നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കണമെന്നില്ല. ഒരു ബന്ധം വിജയകരമാകാൻ രണ്ടുപേർ ആവശ്യമുണ്ട്. അതിനാല്‍ ഞാൻ മനസ്സിലാക്കിയ ഒരു കാര്യം, ഒരു സ്ത്രീ എന്ന നിലയില്‍ നിങ്ങള്‍ക്ക് സ്വയം ആത്മവിശ്വാസം ഉണ്ടായിരിക്കണം, ഒരു വ്യക്തിയായി തന്നെ പൂർണ്ണത കൈവരിച്ചിരിക്കണം.
ഒരു ഘട്ടത്തില്‍ നിങ്ങള്‍ക്ക് ശരിയായ പങ്കാളിയെ കണ്ടെത്താനാകും. പക്ഷേ നിങ്ങളെ പൂർണ്ണമാക്കാൻ മറ്റൊരാളെ തിരയുകയോ, അല്ലെങ്കില്‍ ആ വ്യക്തി നിങ്ങളെ പൂർണ്ണമാക്കുമെന്ന് കാത്തിരിയ്ക്കുകയോ ചെയ്താല്‍, അത് ശരിയായി നടക്കില്ല. അതോടെ പ്രതീക്ഷകള്‍ കൂടുതലാകും. അത് ശരിയല്ല...’’ എന്നാണ് താരം പറഞ്ഞത്. ശോഭിതയുടേയോ നാഗചൈതന്യയുടേയോ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ഈ വാക്കുകള്‍ അവര്‍ക്കു നേരെയുള്ളതാണെന്ന് ആരാധകര്‍ ഐക്യകണ്ഠേന കുറിക്കുന്നുണ്ട്. അത് ശോഭിത ധുലിപാലയെ ലക്ഷ്യമിട്ടുള്ള പരോക്ഷ വിമർശനമാണോ എന്ന ചർച്ച ആരാധകർക്കിടയില്‍ ഉയരുന്നുണ്ട്.
മുന്‍പൊരിക്കല്‍ തന്റെ ആദ്യ വിവാഹത്തിനു പിന്നാലെ സമാന്ത പറഞ്ഞ ചില വാക്കുകളും ഈ വീഡിയോയ്ക്കൊപ്പം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘ഒരു വ്യക്തി അപൂർണ്ണനാണെന്ന് ഞാൻ വിശ്വസിക്കുന്നു, മറ്റൊരാള്‍ വന്ന് ആ ശൂന്യത പൂരിപ്പിക്കുന്നു... കാരണം നമ്മള് സ്വയം പൂർണ്ണരാണെന്ന് ഞാൻ കരുതുന്നു. എങ്കിലും, അദ്ദേഹത്തിന്റെ അഭാവത്തില്‍ ഞാൻ പൂർണ്ണയല്ല...’ എന്നാണ് നാഗചൈതന്യയെ വിവാഹം ചെയ്ത ശേഷം സമാന്ത പറഞ്ഞത്. എന്നാല്‍ വിവാഹത്തിന് നാല് വർഷത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. അതിനു പിന്നാലെ സാമന്തയുടെ മുൻഭർത്താവായ നാഗ ചൈതന്യ ശോഭിത ധുലിപാലയെ വിവാഹം ചെയ്യുകയും ചെയ്തു.






