
ലണ്ടന്: എഫ്.ഐ.എച്ച് പ്രോ ലീഗില് പാകിസ്താനെ 7-1 ന് പരാജയപ്പെടുത്തി ഇന്ത്യന് ഹോക്കി ടീം. ചിര വൈരികളായ പാകിസ്താന് മേല് തങ്ങളുടെ ഒരു പതിറ്റാണ്ട് നീണ്ട അപരാജിത കുതിപ്പ് തുടര്ന്നു. കഴിഞ്ഞ 10 വര്ഷത്തിലേറെയായി പാകിസ്താനോട് ഇന്ത്യ തോറ്റിട്ടില്ല. ഇരുടീമുകളും തമ്മില് ഏറ്റുമുട്ടിയ അവസാന 19 മത്സരങ്ങളിലും ഇന്ത്യ പരാജയം അറിഞ്ഞിട്ടില്ല.
ലണ്ടനിലെ ലീ വാലി ഹോക്കി ആന്ഡ് ടെന്നീസ് സെന്ററില് നടന്ന 2025-26 എഫ്.ഐ.എച്ച് പ്രോ ലീഗിലെ തങ്ങളുടെ മത്സരത്തില് പാകിസ്താനെതിരെ 7-1 ന് തകര്ത്തുവിട്ടു. ഇതേ വേദിയില് നടന്ന ആദ്യ മത്സരത്തിലും ഇന്ത്യ പാകിസ്താനെ തോല്പ്പിച്ചിരുന്നു. മത്സരത്തില് 4-3 ന് വിജയിച്ചതിന് ശേഷം, നാല് ദിവസത്തിനിടെ ചിരവൈരികള്ക്കെതിരെ ഇന്ത്യ നേടുന്ന രണ്ടാമത്തെ വിജയമാണിത്.
13-ാം മിനിറ്റില് അബു മഹ്മൂദിലൂടെ ഗോള് നേടി പാകിസ്താന് 1-0 ന് മുന്നിലെത്തി. തുടര്ച്ചയായ രണ്ടാം മത്സരത്തിലാണ് ഇന്ത്യ ആദ്യം പിന്നിലാകുന്നത്. എന്നാല്, രണ്ടാം ക്വാര്ട്ടറില് ശക്തമായി തിരിച്ചടിച്ച ഇന്ത്യക്ക് വേണ്ടി സുഖ്ജീത് സിംഗ് (20ാം മിനിറ്റ്), ഹര്മന്പ്രീത് സിംഗ് (26ാം മിനിറ്റ്) എന്നിവര് ഗോള് നേടി. ഇതോടെ ആദ്യ പകുതി പിരിയുമ്പോള് ഇന്ത്യ 2-1 ന് മുന്നിലായിരുന്നു.
രണ്ടാം ക്വാര്ട്ടറിനിടെ പാകിസ്താന് താരം അഹമ്മദ് നദീമിന്റെ കണ്ണിന്റെ സോക്കറ്റില് പന്ത് തട്ടി ഗുരുതരമായി പരിക്കേറ്റത് നിര്ഭാഗ്യകരമായ സംഭവമായി. മൈതാനത്ത് വെച്ച് പ്രാഥമിക ചികിത്സ നല്കിയ താരത്തെ പിന്നീട് വീല്ചെയറിലാണ് പുറത്തേക്ക് കൊണ്ടുപോയത്.
രണ്ടാം പകുതിയില് ഇന്ത്യന് ടീം പാകിസ്താന് പ്രതിരോധത്തെ തച്ചുടച്ചു. മൂന്നാം ക്വാര്ട്ടറില് ഹാര്ദിക് സിംഗ് (34ാം മിനിറ്റ്), ജുഗ്രാജ് സിംഗ് (35ാം മിനിറ്റ്), അഭിഷേക് (41ാം മിനിറ്റ്), രാജ് കുമാര് പാല് (44ാം മിനിറ്റ്) എന്നിവര് ഇന്ത്യക്കായി ലക്ഷ്യം കണ്ടു. അവസാന ക്വാര്ട്ടറില് ദില്പ്രീത് സിംഗ് (54ാം മിനിറ്റ്) നേടിയ ഗോള് ഇന്ത്യയുടെ വിജയ തിളക്കം പൂര്ത്തിയാക്കി.
ഇന്ത്യയും പാകിസ്താനും തമ്മില് നടന്ന അവസാന 19 മത്സരങ്ങളില് 17 എണ്ണത്തിലും ഇന്ത്യ വിജയിച്ചു. അതേസമയം പാകിസ്താന് ഒരൊറ്റ വിജയം പോലും നേടാനായിട്ടില്ല. 2 മത്സരങ്ങള് സമനിലയിലായി. 3278 ദിവസങ്ങള്ക്ക് മുമ്പ് 2016 ഏപ്രില് 12-ന് ക്വാലാലംപൂരില് നടന്ന സുല്ത്താന് അസ്ലന്ഷാകപ്പ് മുതലാണ് ഇന്ത്യയുടെ ഈ വിജയക്കുതിപ്പ് ആരംഭിക്കുന്നത്. എട്ട് തവണ ഒളിമ്പിക് സ്വര്ണം നേടിയ ഇന്ത്യ പാകിസ്താനോട് അവസാനമായി തോറ്റത് 2016-ല് ഗുവാഹത്തിയില് സൗത്ത് ഏഷ്യന് ഗെയിംസിലാണ്.
ടൂര്ണമെന്റില് ഇനി ഒരു മത്സരം മാത്രം ബാക്കിനില്ക്കെ, കളിച്ച 15 മത്സരങ്ങളും പരാജയപ്പെട്ട പാകിസ്താന് പോയിന്റ് പട്ടികയില് അവസാന സ്ഥാനത്താണ്. 17 പോയിന്റുള്ള ഇന്ത്യ ഏഴാം സ്ഥാനത്താണ്. അവര് നാല് മത്സരങ്ങള് നേരിട്ടും ഒരു മത്സരം പെനാല്റ്റി ഷൂട്ടൗട്ടിലൂടെയും വിജയിച്ചു.







Comments