
ഓഫീസ് സമയം കഴിഞ്ഞാലും സ്വസ്ഥത തരാതെ നിരന്തരം ശല്യം ചെയ്യുന്ന തന്റെ മാനേജറുടെ മോശം പെരുമാറ്റത്തെക്കുറിച്ച് ഒരു ഐടി ജീവനക്കാരൻ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുന്നത്. ഔദ്യോഗിക ചാറ്റുകളിൽ മറുപടി നൽകാൻ അല്പം വൈകിയാൽ പോലും മാനേജർ തന്റെ വ്യക്തിപരമായ ഫോൺ നമ്പറിലേക്ക് വിളിച്ച് ശല്യം ചെയ്യാറുണ്ടെന്നാണ് ജീവനക്കാരൻ തുറന്നുപറയുന്നത്. കോർപ്പറേറ്റ് ലോകത്തെ 'ടോക്സിക്' തൊഴിൽ സംസ്കാരത്തിന്റെ നേർക്കാഴ്ചയാണ് ഈ സംഭവം പുറത്തുകൊണ്ടുവരുന്നത്.
റെഡ്ഡിറ്റ് പ്ലാറ്റ്‌ഫോമിലൂടെയാണ് യുവാവ് തന്റെ ദുരനുഭവം ലോകത്തെ അറിയിച്ചത്. ഓഫീസ് ലാപ്ടോപ്പിലെ സന്ദേശങ്ങൾക്ക് അഞ്ച് മിനിറ്റിനകം മറുപടി നൽകിയില്ലെങ്കിൽ മാനേജർ ഉടൻ തന്നെ വ്യക്തിഗത നമ്പറിലേക്ക് വിളിക്കാൻ തുടങ്ങും. പലപ്പോഴും ലഞ്ചിന് പോകുമ്പോഴോ അല്ലെങ്കിൽ ബാത്റൂമിൽ ആയിരിക്കുമ്പോഴോ ആണ് ഇത്തരത്തിൽ കോളുകൾ വരുന്നത്. ഇത് തന്റെ വ്യക്തിജീവിതത്തെയും സമാധാനത്തെയും വല്ലാതെ ബാധിക്കുന്നുണ്ടെന്ന് ജീവനക്കാരൻ കുറിപ്പിൽ വ്യക്തമാക്കുന്നു.
ഓഫീസ് ആവശ്യങ്ങൾക്കായി കമ്പനി നൽകിയ പ്രത്യേക കമ്മ്യൂണിക്കേഷൻ ആപ്പുകൾ നിലവിലുണ്ടായിട്ടും, അതിലൂടെ ബന്ധപ്പെടാൻ ശ്രമിക്കാതെ നേരിട്ട് സ്വന്തം നമ്പറിലേക്ക് വിളിക്കുന്നത് ശരിയല്ലെന്നാണ് യുവാവിന്റെ പക്ഷം. തന്റെ വ്യക്തിപരമായ അതിരുകളെ മാനേജർ പാടെ ലംഘിക്കുകയാണെന്നും, മാനസിക സമ്മർദ്ദം താങ്ങാനാവാതെ ജോലി രാജിവെക്കുന്നതിനെക്കുറിച്ച് വരെ ആലോചിക്കുകയാണെന്നും ഇയാൾ കൂട്ടിച്ചേർത്തു. ഐടി മേഖലയിലെ ലക്ഷക്കണക്കിന് ജീവനക്കാരുടെ സമാനമായ അവസ്ഥയെയാണ് ഈ കുറിപ്പ് പ്രതിഫലിപ്പിച്ചത്.
ഇന്റർനെറ്റിൽ കട്ട വൈറലായ ഈ പോസ്റ്റിന് താഴെ മാനേജറുടെ പെരുമാറ്റത്തെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. "ഓഫീസ് സമയം കഴിഞ്ഞാൽ ഔദ്യോഗിക കോളുകൾ എടുക്കരുത്", "ഇത്തരം ടോക്സിക് മാനേജർമാരുള്ള കമ്പനികളിൽ നിന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെടുകയാണ് നല്ലത്", "ജീവനക്കാരുടെ വ്യക്തിജീവിതത്തെ ബഹുമാനിക്കാൻ കമ്പനികൾ തയ്യാറാകണം" എന്നിങ്ങനെ ജീവനക്കാരന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഒട്ടനവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.






