
കാന്‍സര്‍ ബാധിതയായി ചികിത്സയില്‍ കഴിയുന്ന രേണു സുധി തന്റെ ആരോഗ്യ സ്ഥിതിയെപ്പറ്റി നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ രേണു പങ്കുവച്ച പുതിയ വീഡിയോ സോഷ്യല്‍ മീഡിയയാകെ കണ്ണീരിലാഴ്ത്തുകയാണ്. ചികിത്സയുടെ ഭാഗമായി മുടി പറ്റെ വെട്ടിയ നിലയിലാണ് രേണുവിനെ പുതിയ വീഡിയോയില്‍ കാണാനാവുക. തന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശമാണെന്നും ഉറക്കമില്ലാത്ത രാത്രികളാണ് കടന്നുപോകുന്നതെന്നും രേണു വ്യക്തമാക്കുന്നു.
'ചില സമയങ്ങളില്‍ ഓര്‍മ്മ കിട്ടുന്നില്ല, തലയുടെ ഒരു വശം മരവിച്ചിരിക്കുകയാണ്. വായ മുഴുവനും കടുത്ത കൈപ്പാണ്. മുടിയെല്ലാം പശപോലെയായി, തലയിലെ തൊലി പോകുന്നത് കൊണ്ടാണ് മുടി മുഴുവനായി വെട്ടിമാറ്റിയത്'' എന്ന് രേണു പറയുന്നു. തലപോലും നേരെ നിര്‍ത്താന്‍ കഴിയാത്തത്രയും താന്‍ ശാരീരികമായി തളര്‍ന്നുപോയെന്നും താരം പങ്കുവെച്ചു.
എന്നാല്‍ ഈ കഠിനമായ രോഗാവസ്ഥയിലും വലിയൊരു പ്രത്യാശയും ആഗ്രഹവും രേണു പങ്കുവയ്ക്കുന്നുണ്ട്. 'ദൈവം എന്നെ ഇവിടുന്ന് എഴുന്നേല്‍പ്പിച്ചു കഴിഞ്ഞാല്‍, ഈ രോഗമുക്തി നേടി കഴിഞ്ഞാല്‍ ദൈവത്തിന്റെ സാക്ഷിയാകാന്‍, ഒരു മിഷണറി അല്ലെങ്കില്‍ സുവിശേഷകയായി പോകാനാണ് എന്റെ ആഗ്രഹം' എന്ന് രേണു വെളിപ്പെടുത്തി. തനിക്കുണ്ടാകുന്ന അനുഭവസാക്ഷ്യം വലിയ സ്റ്റേജുകളില്‍ നിന്ന് പ്രസംഗിക്കുന്നത് ഇപ്പോഴും തന്റെ കണ്ണുകളില്‍ കാണാറുണ്ടെന്നും, നല്ല മനസ്സുകളുടെ പ്രാര്ത്ഥനയുണ്ടെങ്കില് താന്‍ മുന്നോട്ട് പോകുമെന്നും രേണു കൂട്ടിച്ചേര്‍ത്തു.
രേണുവിനെ സ്നേഹിക്കുന്ന നിരവധിപ്പേര്‍ പോസ്റ്റിന് താഴെ ആശ്വാസവാക്കുകളുമായി എത്തി. രേണുവിന് നല്ലതേ വരൂ. ദൈവം കൂടെ ഉണ്ട്. മിടുക്കി ആയി തിരിച്ചുവരും എന്നാണ് കമന്റുകള്‍.






