
ന്യൂഡൽഹി: മെറ്റായുടെ ഉടമസ്ഥതയിലുള്ള പ്രമുഖ മെസ്സേജിങ് ആപ്പായ വാട്സ്ആപ്പിൽ ഉപയോക്താക്കൾ കാത്തിരുന്ന ഒരു അപ്ഡേറ്റ് വരുന്നു. വരാനിരിക്കുന്ന അപ്ഡേറ്റിൽ ഫോൺ നമ്പർ കൈമാറാതെ ബിസിനസ് അല്ലെങ്കിൽ വ്യക്തികളുമായി ചാറ്റ് ചെയ്യാൻ സാധിക്കും. ഉപയോക്താക്കളുടെ സ്വകാര്യത മാനിക്കുന്ന ഈ അപ്ഡേറ്റിന് ഉറപ്പായും ഉപയോക്താക്കളുടെ കൈയടി ലഭിക്കും.
ഫോൺ നമ്പറുകൾക്ക് പകരം ആളുകൾക്ക് ഇനി തനതായ 'യൂസർ നെയിമുകൾ' തിരഞ്ഞെടുക്കാനും അത് മറ്റുള്ളവരുമായി പങ്കുവെക്കാനും സാധിക്കും. ഫോൺ നമ്പറുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് ഈ മാറ്റമെന്ന് വാട്സ്ആപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. പുതിയ ഗ്രൂപ്പുകളിൽ ചേർക്കപ്പെടുമ്പോഴോ, ആദ്യമായി ഒരാൾക്ക് മെസ്സേജ് അയക്കുമ്പോഴോ ഫോൺ നമ്പർ സ്വയമേവ മറ്റുള്ളവർക്ക് ദൃശ്യമാകുന്നത് തടയാൻ ഇതിലൂടെ സാധിക്കും. കൂടാതെ, ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ ഫേസ്ബുക്ക് പോലെ യൂസർ നെയിമുകൾ തിരയാൻ പൊതുവായ ഒരു ഡയറക്ടറിയോ നിർദ്ദേശങ്ങളോ വാട്സ്ആപ്പിൽ ഉണ്ടാകില്ല. അതിനാൽ കൃത്യമായ യൂസർ നെയിം അറിയാവുന്നവർക്ക് മാത്രമേ ഒരു വ്യക്തിയെ കോൺടാക്ട് ചെയ്യാൻ സാധിക്കൂ എന്ന് മെറ്റാ അറിയിക്കുന്നു.
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ ഉപയോഗിക്കുന്നതിനാൽ എല്ലാവർക്കും തങ്ങൾ ആഗ്രഹിക്കുന്ന ആദ്യത്തെ യൂസർ നെയിം തന്നെ ലഭിക്കണമെന്നില്ല. വരുന്ന മാസങ്ങളിൽ ഘട്ടം ഘട്ടമായിട്ടായിരിക്കും ഈ ഫീച്ചർ ആഗോളതലത്തിൽ ലഭ്യമാക്കുക. ഓരോ രാജ്യത്തും ഇത് ലഭ്യമാകുന്ന മുറയ്ക്ക് ഉപയോക്താക്കൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കും.
അതേസമയം, ഡിജിറ്റൽ ക്രിയേറ്റർമാർക്കും ചെറുകിട ബിസിനസ്സുകൾക്കും സംഘടനകൾക്കും അവരുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലുള്ള അതേ യൂസർ നെയിം തന്നെ വാട്സ്ആപ്പിലും സ്വന്തമാക്കാൻ മുൻഗണന ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.






