
ന്യൂയോർക്ക്: വർഷത്തിൽ ഏകദേശം 1 മില്യൺ ഡോളർ (ഏകദേശം 9.3 കോടി രൂപ) വരുമാനമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച്, സ്വന്തമായി ഒരു എഐ സ്റ്റാർട്ടപ്പ് ആരംഭിക്കാനിറങ്ങിയ തന്റെ അനുഭവം പങ്കുവെച്ച് മുൻ ഗൂഗിൾ ജീവനക്കാരൻ. 'ബിസിനസ് ഇൻസൈഡർ' മാസികയിലെ ഒരു ലേഖനത്തിലൂടെയാണ്, ഗൂഗിളിൽ അക്കൗണ്ട് എക്സിക്യൂട്ടീവ് ആയിരുന്ന 41 കാരനായ യുസുഫ് ഇമ്രാൻ തന്റെ ഈ വലിയ ചുവടുവെപ്പിനെക്കുറിച്ച് തുറന്നുപറഞ്ഞത്.
ഗൂഗിളിൽ നിന്ന് മികച്ച വരുമാനം ലഭിച്ചിരുന്നിട്ടും, ഓപ്പൺഎഐ, ആന്ത്രോപിക് തുടങ്ങിയ മുൻനിര എഐ കമ്പനികൾ ഭാവി മാറ്റിമറിക്കാൻ ശേഷിയുള്ള ഓഹരി പങ്കാളിത്തങ്ങൾ വാഗ്ദാനം ചെയ്യുന്നത് കണ്ടപ്പോൾ തനിക്കും ഈ എഐ വിപ്ലവത്തിന്റെ ഭാഗമാകണമെന്ന് തോന്നി എന്ന് ഇമ്രാൻ പറയുന്നു. ഉയർന്ന ശമ്പളമുള്ള ജോലിയുടെ സുരക്ഷിതത്വത്തേക്കാൾ സ്വന്തം സ്റ്റാർട്ടപ്പിന്റെ ഉടമസ്ഥാവകാശം നേടുന്നതിനായിരുന്നു താൻ മുൻഗണന നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെയിൽസ് രംഗത്ത് 15 വർഷത്തെ പരിചയ സമ്പത്തുള്ള ഇമ്രാൻ 2020-ലാണ് ഗൂഗിളിൽ ചേരുന്നത്. ഗൂഗിളിന്റെ എഐ മെഷീൻ ലേണിംഗ് സൊല്യൂഷനുകൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ചുമതല. ഗൂഗിളിൽ തന്റെ അടിസ്ഥാന ശമ്പളം 1,70,000 ഡോളർ (ഏകദേശം 1.6 കോടി രൂപ) ആയിരുന്നെന്നും, എന്നാൽ കമ്മീഷനുകളിലൂടെയാണ് തന്റെ വാർഷിക വരുമാനം 9,86,000 ഡോളറിലേക്ക് (ഏകദേശം 9.3 കോടി രൂപ) ഉയർന്നതെന്നും ഇമ്രാൻ വ്യക്തമാക്കി.
ബംഗ്ലാദേശിൽ നിന്നും തന്റെ അഞ്ചാം വയസ്സിൽ കുടുംബത്തോടൊപ്പം ന്യൂയോർക്കിലേക്ക് കുടിയേറിയ ആളാണ് ഇമ്രാൻ. 'കുടിയേറ്റക്കാരന്റെ കഠിനാധ്വാന മനസ്ഥിതിയാണ്' തന്റെ വിജയത്തിന് പിന്നിലെന്ന് അദ്ദേഹം പറയുന്നു. ഉപഭോക്താക്കളുടെ ബിസിനസ്സ് ആവശ്യങ്ങളെക്കുറിച്ചുള്ള കൃത്യമായ ധാരണയും എഐ സാങ്കേതികവിദ്യയിലെ അറിവും ഇതിൽ വലിയ പങ്കുവഹിച്ചു.
ജോലി സമയത്തിന് ശേഷം രാത്രികളിലും വാരാന്ത്യങ്ങളിലും ചാറ്റ്ജിപിറ്റി, ക്ലോഡ്, ജെമിനി തുടങ്ങിയ എഐ ടൂളുകൾ ഉപയോഗിച്ച് ആപ്പുകളും മറ്റ് പ്രോജക്റ്റുകളും നിർമ്മിക്കാൻ ഇമ്രാൻ സമയം കണ്ടെത്തിയിരുന്നു. ഒരു സോഫ്റ്റ്വെയർ എഞ്ചിനീയറിംഗ് പശ്ചാത്തലം ഇല്ലാതിരുന്നിട്ടും എഐ സാങ്കേതികവിദ്യയോടുള്ള താല്പര്യമാണ് അദ്ദേഹത്തെ ഇതിലേക്ക് നയിച്ചത്.
അടുത്തിടെ ഗൂഗിളിൽ നടന്ന ജീവനക്കാരുടെ പിരിച്ചുവിടലുകൾ തന്റെ കരിയറിനെ മറ്റൊരു രീതിയിൽ നോക്കിക്കാണാൻ കാരണമായെന്ന് ഈ 41-കാരൻ പറയുന്നു. അത്രയധികം കഴിവുള്ള ആളുകൾക്ക് ജോലി നഷ്ടപ്പെടുന്നത് കണ്ടപ്പോൾ, സ്വന്തമായി ഒരു സംരംഭം തുടങ്ങാനുള്ള ആത്മവിശ്വാസം കൂടുകയാണ് ചെയ്തത്. അങ്ങനെ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഇമ്രാൻ ഗൂഗിളിൽ നിന്നും രാജി വെക്കുകയും, സെയിൽസ് പ്രൊഫഷണലുകൾക്കായി എഐ ടൂളുകൾ നിർമ്മിക്കുന്ന 'മാംഗോസ്റ്റീൻ സ്റ്റുഡിയോ' എന്ന സ്റ്റാർട്ടപ്പ് ആരംഭിക്കുകയും ചെയ്തു.
വളരെ കൃത്യമായ പ്ലാനിംഗോട് കൂടിയായിരുന്നു ഗൂഗിളിൽ നിന്നുള്ള ഇമ്രാന്റെ പടിയിറക്കം. സ്റ്റാർട്ടപ്പിന്റെ അടുത്ത രണ്ട് വർഷത്തെ പ്രവർത്തനങ്ങൾക്കായി 2,00,000 ഡോളറും (ഏകദേശം 1.6 കോടി രൂപ), സ്വന്തം ജീവിതച്ചെലവുകൾക്കായി 1,50,000 ഡോളറും (ഏകദേശം 1.2 കോടി രൂപ) അദ്ദേഹം മുൻകൂട്ടി മാറ്റിവെച്ചിരുന്നു. കമ്പനിയുടെ പൂർണ്ണ ഉടമസ്ഥാവകാശം സ്വന്തമായി നിലനിർത്തുന്നതിനായി പുറത്തുനിന്നുള്ള നിക്ഷേപങ്ങളില്ലാതെ പരമാവധി മുന്നോട്ട് പോകാനാണ് ഇമ്രാന്റെ തീരുമാനം. കരിയറിൽ ഒരു മാറ്റവുമില്ലാതെ മടുത്തിരിക്കുന്നവർക്ക് സ്വന്തമായി എന്തെങ്കിലും കെട്ടിപ്പടുക്കാനുള്ള മികച്ച അവസരമാണ് എഐ നൽകുന്നത് എന്നാണ് ഇമ്രാൻ വാദിക്കുന്നത്.
ഗൂഗിൾ വിട്ടുപോരുമ്പോൾ സാമ്പത്തികമായും പ്രൊഫഷണലായും വലിയൊരു സുരക്ഷിതത്വമാണ് താൻ ഉപേക്ഷിക്കുന്നതെന്ന് അറിയാമായിരുന്നുവെന്നും, എങ്കിലും തന്റെ ആത്മവിശ്വാസവും പ്രവൃത്തിപരിചയവും ഈയൊരു റിസ്ക് എടുക്കാൻ പറ്റിയ ഏറ്റവും നല്ല സമയമാണിതെന്ന് ബോധ്യപ്പെടുത്തിയതായും ഇമ്രാൻ കൂട്ടിച്ചേർത്തു.






