
അന്‍സിബയുടെ പരാതിയില്‍ നടന് ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചതിനു പിന്നാലെ പരിഹാസവുമായി സംവിധായകന് എം.എ.നിഷാദ്. താങ്കള്‍ക്ക് കോടതിസന്ദര്‍ശനഭാഗ്യം സിദ്ധിച്ചതായി അറിഞ്ഞെന്നും കോടതീല് ചെന്ന് മൈസ്രേട്ടിനെ അനുകരിക്കാന്‍ നില്‍ക്കരുതെന്നും എം.എ. നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചു.
ഇതൊരു നിയമോപദേശമാണെന്നും അങ്ങനെയുണ്ടായാല്‍ ആപത്താണെന്ന് മാത്രമല്ല, കോടതിയലക്ഷ്യം കൂടാതെ കൊട്ടുവടിയാല്‍ പിടലിയില്‍ താഡനമേല്‍ക്കാനും യോഗം കാണുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു.
എം.എ.നിഷാദിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
''എത്രയും ബഹുമാനപ്പെട്ട ഠീം ഠോം അറിയാന്‍. താങ്കള്‍ക്ക് കോടതിസന്ദര്‍ശനഭാഗ്യം സിദ്ധിച്ചതായി അറിയുന്നു. ഈ സവിശേഷസാഹചര്യത്തില്‍ ഒരുപദേശമെന്നോണം ഒരൂട്ടം. കോടതീല് ചെന്നിട്ട് മൈസ്രേട്ടിനെ അനുകരിക്കാന്‍ നില്‍ക്കരുത്. കോട്ടും കുപ്പായോം കറുപ്പുമൊക്കെ കാണുമ്പോള്‍ അങ്ങയുടെ ഉള്ളില്‍ അനുകരണത്വരയുണരുമെന്നറിയാം. ആപത്താണെന്ന് മാത്രമല്ല, കോടതിയലക്ഷ്യം കൂടാതെ കൊട്ടുവടിയാല്‍ പിടലിയില്‍ താഡനമേല്‍ക്കാനും യോഗം കാണുന്നുണ്ട്. ആയതിനാല്‍ നീതിപീഠത്തെ പീഡിപ്പിക്കാനുള്ള നടപടികളില്‍ നിന്നും താങ്കള്‍ ഒഴിഞ്ഞുനില്ക്കുമെന്ന് വിശ്വസിക്കട്ടെ.- മൂന്നു പടങ്ങളില്‍ അങ്ങയെ അഭിനയിപ്പിക്കാന്‍ ഭാഗ്യമുണ്ടായൊരു സംവിധായകന്''.






