
ഗായിക സിത്താര കൃഷ്ണകുമാറിന് രസകരമായ ജന്മദിനാശംസകൾ നേർന്ന് ഗായകനും സംഗീതസംവിധായകനുമായ മിഥുൻ ജയരാജ് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. സിത്താരയും മിഥുൻ ജയരാജും തമ്മിലുള്ള ആത്മബന്ധവും പരസ്പരമുള്ള തമാശകളും വെളിപ്പെടുത്തുന്നതാണ് ഈ പോസ്റ്റ്. പ്രായമാകുന്നതിനെക്കുറിച്ചും സന്ധിവേദനകളെക്കുറിച്ചും ആളുകൾ പറയുന്ന 'ഉപദേശങ്ങളെ' ട്രോളിക്കൊണ്ട്, പുതിയൊരു പതിറ്റാണ്ടിലേക്ക് ചുവടുവെക്കുന്ന പ്രിയ ഗായികയ്ക്ക് ധൈര്യത്തോടെ മുന്നോട്ട് പോകാനുള്ള ഊർജ്ജമാണ് മിഥുൻ നൽകുന്നത്.
"പ്രിയപ്പെട്ട സിത്തൂ, ജീവിതനൗക പുതിയ ദശാബ്ദത്തിലേക്കൊഴുകുകയാണ്. ഈ പ്രായം ദൈവനാമം ജപിച്ച് ഭക്തിപുരസ്സരം ജീവിക്കാനുള്ളതാണെന്നും, കൈ കാൽ മുട്ടുകളും സന്ധികളും പഴയ തറവാട്ടിലെ വാതിലുകൾ പുറപ്പെടുവിക്കുന്ന ക്രീീീീീ ശബ്ദം പുറപ്പെടുവിക്കുമെന്നുമൊക്കെ പല ദോഷൈകദൃക്കുകളും പറയും. തളരരുത്. സധൈര്യം ബഹുകാതം മുന്നോട്ടു തന്നെ പോവുക. പിറന്നാളാശംസകൾ, എന്ന് സ്വന്തം കൊച്ചനുജൻ. നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു," മിഥുൻ കുറിച്ചു.
സിത്താരയുടെ ചില മികച്ച ചിത്രങ്ങൾ കൂടി ഗായകൻ കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്. നിരവധിപ്പേരാണ് പോസ്റ്റിന് താഴെ സിത്താരയ്ക്ക് ജന്മദിനാശംസകൾ കമന്റായി കുറിക്കുന്നത്.
വർഷങ്ങൾ നീണ്ട സൗഹൃദമാണ് സിത്താരയും മിഥുനും തമ്മിൽ. മിഥുന്റെ സംഗീതത്തിൽ സിത്താര നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇരുവരുടെയും കുടുംബാംഗങ്ങൾ തമ്മിലും വലിയ ആത്മബന്ധമാണുള്ളത്.






